Friday 14 December 2012

വരിക സുഹൃത്തെ വരാതിരിക്കരുത്!

നിനക്കായ് ഞാനൊരു സ്നേഹക്കൂടൊരുക്കി വെച്ചിട്ടുണ്ട്
ഉമ്മ തരാന്‍ രണ്ടുണ്ണികള്‍ കാത്തിരിപ്പുണ്ടതില്‍.....
എന്നാണു വരിക വീണ്ടും വന്നിത്തിരി നേരം
സ്നേഹത്തിന്‍ മെഴുകുതിരി വെട്ടം തെളിയിച്ചു പോകുക?

ഒന്നും പറയുവാനാകില്ല,ഒരു വേള ഞാനില്ലാതെയായിടാം
വരുവാന്‍ മറക്കരുത്, ഉണ്ണികള്‍ തനിച്ചാണ് !
നോവിന്റെ കുന്തമുനകള്‍ക്ക് മൂര്‍ച്ച കൂട്ടി കാത്തിരിപ്പാണ്
മാലോകര്‍,ആ മുറിവുകളില്‍ ഇത്തിരി മരുന്ന് വെക്കണം

സ്നേഹം മാത്രമായിരുന്നു മനസ്സിലെന്നു തിരിച്ചറിയുവാന്‍
ലോകം വൈകിപ്പോയീടിലാമെന്നാലും സ്നേഹിക്കായ്ക വയ്യല്ലോ?
സ്നേഹം വെറുമൊരു വാക്കല്ലല്ലോ? ഹൃദയങ്ങള്‍ പരസ്പരം
പങ്കു വെയ്ക്കുന്ന വിദ്യുത് തരംഗങ്ങള്‍ മാത്രമല്ലല്ലോ?

അതൊരു മതമെന്ന് ചിലര്‍ പറയുന്നു!അമ്പലമില്ല ,പള്ളിയുമില്ല
ഇല്ല പൂജാരികള്‍ പുരോഹിതര്‍ ;മനസ്സുകള്‍ ശ്രീകോവിലുകള്‍!
അതില്‍ നീ പ്രതിഷ്ഠിച്ച, എന്‍ വിഗ്രഹം കണ്ടു ഞാന്‍ പോലും
തൊഴുതു പോകാറുണ്ട് ,നീ കണ്ടുവോ നിന്റെ വിഗ്രഹം?

ഇല്ല നിന്‍ മനസ്സൊരു കണ്ണാടി ആണെന്ന് മനസ്സിലായത്‌
വൈകിയാണ്!,വികൃതമാണ് നീ വച്ചൊരെന്‍ പ്രതിഷ്ഠ
എന്ന് ഞാന്‍ പരാതി പറഞ്ഞെങ്കിലും,ഇന്ന് ഞാന്‍
തിരിച്ചറിയുന്നു,ഞാന്‍ വികൃതമാക്കിയോരെന്‍ മുഖമാണത്

സ്വന്തം പ്രതിബിംബം നന്നാല്ലത്തത്തിനു കണ്ണാടികളെ
കുറ്റം പറഞ്ഞ വെറുമൊരു വിഡ്ഢിയാണ് ഞാനെന്നു
തിരിച്ചറിവില്‍ നിന്നോടുള്ള സ്നേഹമെന്നില്‍ കാലവര്‍ഷ
മേഘമായി പെയ്യാന്‍ കാത്തു നില്പാണ് സുഹൃത്തെ!

വരിക ,വന്നിത്തിരി നേരമിരിന്നിട്ടു പോകാമൊത്തിരി
വെടിവട്ടങ്ങള്‍ പറഞ്ഞു ചിരിക്കണം,തോളില്‍ ചാഞ്ഞിരുന്നു
സങ്കടങ്ങള്‍ കരഞ്ഞു തീര്‍ക്കണം,നിന്റെ സാന്ത്വനമൊരു
പുഞ്ഞിരിയായിയെന്നില്‍ വലിയൊരു ചിരിയായ് പടരുവത്
കണ്ടു നമുക്കൊന്നിച്ചാര്‍ത്തു ചിരിക്കണം,വരണം വരാതിരിക്കരുതീ വഴി,
അത്ഭുതങ്ങള്‍ കൂറുമൊരു ലോകം പടയ്ക്കണം,സ്നേഹ സാന്ത്വനത്തിന്‍
നൈര്‍മല്യമാം പുഷ്പവൃഷ്ടി തീര്‍ക്കണം ,വരിക സുഹൃത്തെ വരാതിരിക്കരുത്!

വെറുക്കാന്‍ പഠിക്കുന്നീ വെറും വാക്കിനെ!

വെറുക്കാന്‍ പഠിക്കുന്നീ വെറും വാക്കിനെ!
============================================
ഉണ്ണിയോടുള്ളത്ര സ്നേഹമച്ചനെന്നോടില്ലെന്നു മകള്‍ പരാതി പറയുന്നു
മകളോടുള്ള സ്നേഹം തന്നോടില്ലെന്നു ഭാര്യ പരാതി പറയുന്നു!
ഭാര്യയോടുള്ള സ്നേഹം തന്നോടില്ലെന്നു അമ്മ പരാതി പറയുന്നു
അമ്മയോടുള്ളത്ര സ്നേഹം തന്നോടില്ലെന്ന്‍ അച്ഛന്‍ പരാതി പറയുന്നു

പരാതികള്‍ക്കടിസ്ഥാനം ഏതാണ് അളവുകോലെന്ന് എനിക്കറിയില്ല..
നിങ്ങള്‍ക്കറിയാമോ കൂട്ടരേ? എങ്കില്‍ പറഞ്ഞുതരൂ..
എല്ലാവര്‍ക്കും തുല്യമായിട്ടെനിക്കൊന്നു പങ്കു വെയ്ക്കണം
മകന് മാത്രം പരാതിയൊന്നുമായിട്ടില്ല..പറയാതിരിയ്ക്കാന്‍ വയ്യ

ആരെയാണ് കൂടുതലിഷ്ടമെന്ന ചോദ്യത്തിനു ..
എനിചെല്ലാവരെയും ഒരു പോലെയിഷ്ടമെന്ന
കിളിക്കൊഞ്ചല്‍ കേട്ടെന്താണ് മനസ്സിലാക്കേണ്ടത്?
അവനും നല്ല നയതന്ത്രം പഠിച്ചിരിയ്ക്കുന്നു ...

അവന്റെ വാക്കിലെല്ലാവര്‍ക്കും സന്തോഷമാണ്
എന്റെ വാക്കിനെന്താണ് ഒരു മുഖവിലയുമില്ലാത്തതു?
"സ്നേഹം" ചിലപ്പോളെക്കെ അരോചകമായ വാക്കായ്
മാറുമ്പോള്‍, ഞാന്‍ വെറുക്കാന്‍ പഠിക്കുന്നീ വെറും വാക്കിനെ

ആത്മഹത്യാമുനമ്പില്‍ നിന്നും

ആത്മഹത്യാമുനമ്പില്‍ നിന്നും
=================================================
ഓ..സഖേ നീയിന്നലെ വിളിച്ചിരുന്നല്ലോ
വാക്കിന്റെ പുഷ്പവൃഷ്ടി നടത്തിയെന്നെ കുളിര്‍പ്പിച്ചുവല്ലോ!
ഇന്നലെ ഞാനപ്പോള്‍ വന്പര്‍വ്വതശിഖരത്തിലായിരുന്നു
അസ്തമയസൂര്യന്റെ ചന്തം നോക്കി നില്‍ക്കയായിരുന്നില്ല

താഴെ പാറക്കൂട്ടങ്ങളില്‍ അരുണരശ്മികള്‍ കണ്ടു
അതിലെന്‍ ശരീരത്തിന്റെ ചിതറിയ ഭാഗങ്ങള്‍
ചുമപ്പ് കൂടുതല്‍ പടര്‍പ്പുവതോര്‍ത്തു ചിരിച്ചു
നീര്‍ച്ചാലിലെന്റെ മാംസകഷ്ണങ്ങള്‍ മത്സ്യങ്ങള്‍
കൊത്തിതിന്നുവതോര്‍ത്ത് പിന്നെയും ചിരിച്ചു
മത്സ്യമെത്ര ഭക്ഷിച്ചിരിക്കുന്നു രുചിയോടെയെത്രനാള്‍
നാളെയെന്നെയവ രുചിയോടെ തിന്നുവതോര്‍ത്തു
എന്നെത്തന്നെ പരിഹസിച്ചു ,ഹതാശമാം മനസ്സിലും
ചിരി പടര്‍ത്തും ..നിയതി നീയത്രേ സ്നേഹോഷ്മളന്‍!..

ഈ ഹൃദയമെന്താണ് വെറുതെ മിടിപ്പതു?
വെറുതെ യന്ത്രങ്ങള്‍ പ്രവര്തിപ്പിക്കത് നഷ്ടമല്ലേ?
ആര്‍ക്കു വേണ്ടിയാണീ ശരീരയന്ത്രമോടെണ്ടത്?
എന്നെ നോക്കിച്ചിരിയ്ക്കും ലോകത്തിനു വേണ്ടിയോ?
എന്നെ വെറുക്കുന്നയെനിക്ക് മാത്രം വേണ്ടിയോ?
എന്നെ വെറുക്കും ബന്ധുജനങ്ങള്‍ക്ക്‌ വേണ്ടിയോ?

ഒടുക്കമോടുക്കുവാന്‍ ചാടുവാനൊരുങ്ങി
നില്‍ക്കെയായിരുന്നു,നിന്റെ വിദൂരസ്പര്‍ശനം!
നീ വാക്കുകളാല്‍ എന്നെ തൊട്ടുതലോടി ..ഓ..
സുഹൃത്തേ, നിനക്ക് വേണമായിരുന്നല്ലെയീ യന്ത്രം?!
നിനക്ക് സംവദിക്കുവാന്‍,നിന്റെ കുരുന്നുകള്‍ക്ക്
സ്നേഹിക്കുവാനൊരു മാമന്‍ വേണമായിരുന്നെന്നോ?
സുഹൃത്തേ , നിനക്കിതു വേണമെന്നായിരുന്നോ ..
ഓ ..നിനക്കീ യന്ത്രം വേണമെന്ന് എനിക്കറിയില്ലായിരുന്നു!

ഒരു വേള അറിഞ്ഞില്ലായിരുന്നെങ്കില്‍
വെറുതെ തല്ലി തകര്‍ത്തേനെ
എങ്കിലും തകര്‍ന്ന തലയോട്ടിയില്‍
നിന്നുതിര്‍ന്നു വീണ ചുവന്ന പൂക്കള്‍ക്ക്
എന്തൊരു ചന്തമായിരുന്നെനെയെന്നു
വെറുതെ വീണ്ടും ഞാനോര്‍ത്തു പോവുന്നു
എന്മേല്‍ പൂക്കളം തീര്‍ക്കാന്‍ കൊതിച്ച കറുത്ത
ഉറുമ്പിന്‍കൂട്ടത്തിന്റെ ,എന്റെ മാംസത്തില്‍ കൊതി
പൂണ്ടു നിന്ന കറുത്ത കഴുകന്റെ നിരാശയില്‍
ഞാന്‍ ദുഖിതനാണ് .അല്ലെങ്കിലും ഞാന്‍ ദുഖിതനാണല്ലോ!
==================================================

കുരുവികളുടെ ആത്മാക്കള്‍​!


ഒരു ചെറുകഥ

കുരുവികളുടെ ആത്മാക്കള്‍!

 

നാഥ് കരഞ്ഞുകൊണ്ടിരുന്നു.."എന്റെ ജീവിതം..പാഴായിപ്പോയ ഒന്നാണ്..എനിക്കെങ്ങിനെ ഉറങ്ങാന്‍ സാധിക്കുമെന്നാണ് നിങ്ങള്‍ പറയുന്നത്?ലോകത്ത് അനേകായിരം കുരുവികള്‍ കുലമൊടുങ്ങുമ്പോളും എങ്ങിനെയാണ് നാം ഇങ്ങിനെ സുഖമായി ഉറങ്ങുക?!"

 

എന്നാണ് നാഥ് കുരുവികള്‍ക്ക് വേണ്ടി സംസാരിക്കാന്‍ തുടങ്ങിയത്?അവന് നാലു വയസ്സുള്ളപ്പോള്‍ തുടങ്ങിയതാകണം..അന്നാണ് അവിനാശ് ആ കുരുവിയെ തല്ലിക്കൊന്നത്!അന്നെന്തു മാത്രമാണ് കരഞ്ഞത്! എന്തു ചന്തമുള്ള കുരുവിയായിരുന്നു..എങ്ങിനെയാണ് അവിനാശ് കൃത്യമായി കുരുവിയെ കവണ വെച്ച് വീഴ്ത്തിയത്!കുരുവി വീണപ്പോള്‍ അവന്‍ ചാടിത്തുള്ളി..തന്റെ ഉന്നത്തില്‍ അഭിമാനം കൊണ്ടു..താഴെ വീണ കുരുവിയെ അവന്‍ വടി കൊണ്ട് തല്ലി..കുരുവിയുടെ ദേഹത്ത് കൊള്ളുന്ന അടികള്‍ക്ക് തനിക്കാണല്ലോ വേദനിച്ചത്!വളരേ വളരേ..തന്നില്‍ വേദനകള്‍ പെരുകുന്നത് നാഥറിഞ്ഞു..എന്തിനാണ് നാട്ടിലെ ഓരോ കുരുവി ചത്തൊടുങ്ങുമ്പോളും തനിക്ക് നോവുന്നത്?

 

 

തനിക്ക് ചിരിക്കാനാകാതെ നാഥ് പറഞ്ഞു.."നീ ദുഷ്ടനാണ്" തന്റെ ഡിക്ഷ്ണറിയില്‍ അതായിരുന്നു ഏറ്റവും ശക്തമായ വാക്ക്.."ദുഷ്ടന്‍"

 

അമ്മ അടിക്കടി അച്ഛനെ വിളിക്കുന്ന വാക്ക്..

കുരുവിയുടെ പാട്ട് പോലെ മനോഹരമായിരുന്നു അമ്മയുടെ താരാട്ടുകള്‍..പക്ഷേ.ഈ ദുഷ്ടന്‍ എന്ന വാക്ക് മാത്രം.കൂമന്റെ രാത്രിയിലെ മൂളല്‍ പോലെ തന്നെ അലട്ടികൊണ്ടിരുന്നിരുന്നു..സ്നേഹനിധിയായ അച്ഛനെ അമ്മ എന്തിനായിരുന്നു അങ്ങിനെ വിളിച്ചുകൊണ്ടിരുന്നത് അതിന്നും അജ്ഞാതം തന്നെ..

 

തന്നേക്കാള്‍ രണ്ട് വയസ്സ് മൂത്തവനാണ് അവിനാശ്..എന്നും എന്തും തല്ലിതകര്‍ക്കാന്‍ മിടുക്കന്‍..അത് ബന്ധങ്ങളാകട്ടെ ശില്‍പങ്ങളാകട്ടെ മനസ്സുകളാകട്ടെ എന്തിലും..തല്ലിതകര്‍ക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവനാണ്..അത്തരമൊരു മനസ്സുള്ളവനിന്നൊരു രാഷ്ട്രീയനേതാവാണ്..അന്ന്‍ കുരുവി..ഇന്ന്‍ ജനം..നാട്..അവിടേയും തകര്‍ക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയാണോ?ആര്‍ക്കറിയാം!

 ആത്മസംഘര്‍ഷങ്ങള്‍ തന്നില്‍ മൗനം പടര്‍ത്തുന്നത് നാഥ് തിരിച്ചറിഞ്ഞു.കുരുവിയുടെ മരണത്തിന് ശേഷം നാഥ് മൗനിയാകുന്നത് അവന്റെ അമ്മയാണാദ്യം തിരിച്ചറിഞ്ഞത്.."എന്താ എന്റെ കുട്ടിയ്ക്ക് പറ്റിയത്?"

 

കളിചിരികള്‍ വറ്റിപ്പോയി തനിയെ ഇരിക്കുന്ന കുട്ടി അമ്മയുടെ നൊമ്പരമായി മാറി..ചിരികള്‍ വല്ലപ്പോളും.അവനെ ചിരിപ്പിക്കാന്‍ പാടുപെട്ട് അമ്മ കരയാന്‍ തുടങ്ങും.

"ഒന്നു ചിരിക്കെടാ ചക്കരേ.."

അമ്മ കെഞ്ചും..

അവന്‍ ചിരിക്കാന്‍ പാടുപെട്ടു..ചിരിക്കാനുള്ള അവന്റെ ശ്രമം..അമ്മ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കും..ദേഹമാസകലം..ഇക്കിളിയാക്കും..എന്നിട്ടും കാര്യമായ ഭാവഭേദങ്ങള്‍ അവിടെ ഉണ്ടാവുന്നില്ലായിരുന്നു..

 

"ഈ കുട്ടിക്കിതെന്തു പറ്റി?!" അമ്മ സ്വയം പറഞ്ഞുകൊണ്ടിരുന്നു..അവനൊരിടത്ത് നിന്നുകൊണ്ട് ചിരിക്കുന്നത് അമ്മ കണ്ടുപിടിച്ചു..മുറ്റത്ത് കുരുവികള്‍ വരുമ്പോള്‍ കുരുവികളോട് അവന്‍ കിന്നാരം പറഞ്ഞു..ചിരിച്ചു....കുരുവികള്‍ക്കായി അമ്മ കൊച്ചുമണ്‍കുടങ്ങളില്‍ തുളകളിട്ടു ചുമരില്‍ പിടിപ്പിച്ചു..അതിനുള്ളില്‍ കയറിയിറങ്ങിപോകുന്ന കുരുവികള്‍!..കുരുവികള്‍ക്കായി കൊച്ചുമണ്‍പാത്രങ്ങളില്‍ വെള്ളം വെച്ചു.അതില്‍ നിന്ന്‍ അവ വെള്ളം കുടിക്കുന്നത്

വിസ്മയത്തോടെ നാഥ് നോക്കിനിന്നു..അവയോട് കളിച്ചു ചിരിച്ചു..അമ്മയുടെ സന്തോഷത്തിനതിരില്ലായിരുന്നു..

 

എന്നിട്ടും അമ്മയുടെ സന്തോഷം അധികകാലം നീണ്ടുനിന്നില്ല..സ്കൂളില്‍ പോകാന്‍ തുടങ്ങിയ നാഥ് വീണ്ടും മൗനിയായി കൂട്ടുകാരില്ല.കളിചിരികളില്ല...ഒറ്റയ്ക്കിരിപ്പ്..അമ്മയ്ക്ക് വിഷമം അധികരിച്ചതേയുള്ളൂ..."ഈ കുട്ടി എന്തേ ഇങ്ങിനെയായത്?"..

 

എവിടെയോ തനിക്ക് കുഴപ്പങ്ങളുണ്ടെന്ന്‍ നാഥിനും തോന്നിതുടങ്ങിയിരുന്നു..എല്ലാവരും സ്കൂള്‍ഗ്രൗണ്ടിലെ കളിക്കളത്തില്‍ ഓടി നടന്നപ്പോള്‍ സ്കൂളിനടുത്ത കുറ്റിക്കാട്ടില്‍ കുരുവികളോട് കിന്നാരം പറയാനാണ് അവന്‍ സമയം ചിലവഴിച്ചത്..കുറ്റിക്കാടുകളില്‍ വള്ളിച്ചെടികള്‍ക്കിടയിലൂടെ അവന്‍ കുരുവികള്‍ക്ക് പിന്നാലെ ഓടിനടന്നു..അവ അവനുവേണ്ടി പാടി..ചിലവ അവനുമായി ചങ്ങാത്തം കൂടി..അവയ്ക്ക് വേണ്ടി അവന്‍ കൊച്ചുപാത്രങ്ങളില്‍ വെള്ളം വെച്ചു...ഒടുക്കം ചില കുരുവികള്‍ അവന്റെ ദേഹത്തില്‍ വന്നിരിക്കാന്‍ ധൈര്യം കാണിച്ചു..

അവന്റെ തലമുടികളില്‍ അവ കൊക്ക് കൊണ്ട് കോതി..കാതുകളില്‍ സ്വകാര്യം പറഞ്ഞു..പക്ഷേ..ഈ സ്വകാര്യം പറച്ചില്‍ അധികം നീണ്ടു നിന്നില്ല..കുട്ടികള്‍ ക്ലാസ്സ്ടീച്ചറോട് പറഞ്ഞുകൊടുത്തു .."ഇവന്‍ കുറ്റിക്കാട്ടില്‍ കയറിനടക്കുന്നു"..

 

സ്കൂളില്‍ നിഷിദ്ധമായ സ്ഥലങ്ങളുണ്ട്..വിലക്കപ്പെട്ട ഇടങ്ങള്‍..കിണറിന്റെ അരമതില്‍..കുറ്റിക്കാട് അടുത്തുള്ള റോഡ്..കടകള്‍

തൊട്ടടുത്തുള്ള മാസത്തിലൊരിക്കല്‍ മാത്രം ആരാധനയുള്ള ക്രിസ്ത്യന്‍ പള്ളി..ഇവിടെയൊന്നും പോകാന്‍ അനുവാദമില്ലായിരുന്നു..അത്തരമൊരു വിലക്കപ്പെട്ട ഇടത്തായിരുന്നു തന്റെ ഗമനം!..കൈവെള്ളയില്‍ വീണ അടികള്‍ അവനു വേദനിച്ചില്ല...അത് അടിയുടെ എണ്ണം കൂട്ടി..എന്നിട്ടും കുരുവികളുമായുള്ള ചങ്ങാത്തത്തിന് കുറവൊന്നുമുണ്ടായില്ല..അടികള്‍ പിന്നെയും കിട്ടി..ഒടുക്കം വീട്ടില്‍ പരാതിയെത്തി..

 

"നിങ്ങളുടെ മകന് തീരെ അനുസരണയില്ല..അടുത്തുള്ള കുറ്റിക്കാട്ടില്‍ പോകരുതെന്ന്‍ പലവട്ടം വിലക്കിയിട്ടും അവനവിടെ പോകുന്നു..എന്ത് അപകടം പറ്റിയാലും ഞങ്ങള്‍ ഉത്തരവാദികളല്ല.."

 

സ്കൂളിന് ഒരു വേലി കെട്ടിയാലെന്താ കുഴപ്പം? അതായിരുന്നു അച്ഛന്റെ ചോദ്യം..ഇങ്ങിനെ തുറന്നിടുന്നതുകൊണ്ടല്ലേ കുട്ടികള്‍ പുറത്ത് പോകുന്നത്..എന്തായാലും സ്കൂളിന് വേലിയായി..ആദ്യമൊക്കെ വേലി ചാടി അവനവിടെ പോയി..കുരുവികളോട് ചങ്ങാത്തം കൂടി..പിന്നെയും അവന്‍ പിടിക്കപ്പെട്ടു..അടി പിന്നേയും കിട്ടി..കൈവെള്ളയിലെ തിമിര്‍ത്ത പാടുകള്‍ കണ്ട് അമ്മ സങ്കടപ്പെട്ടു..

എന്തിനാ കുട്ടി നീ ഇങ്ങിനെ തല്ലു വാങ്ങുന്നത്?അവിടെ പോകാതിരിന്നു കൂടെ?അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു..

 

ഇടയ്ക്ക് അച്ഛന്റെ ഉറക്കെയുള്ള സംസാരം കേട്ടു.."ഇവളൊരുത്തിയാ ഈ ചെക്കനെ ഇത്ര വഷളാക്കുന്നത്..എല്ലാ താളത്തിനും തുള്ളിക്കോളും.."

 

"ഇനി പോകരുത് മോനു..അമ്മയെ ചീത്ത കേള്‍പ്പിക്കരുത്.."

 

മനസ്സില്ലാമനസ്സോടെ അവന്‍ തലയാട്ടി..പക്ഷേ വേലിയ്ക്കരുകില്‍ നട്ട ചെമ്പരത്തികളില്‍ പൂക്കള്‍ വിടര്‍ന്നു..അതിലെ തേന്‍ നുകരാന്‍ കുരുവികള്‍..പറന്നെത്തി..വീണ്ടും അവ അവനുമായി ചങ്ങാത്തം കൂടി..അവ എന്നും അവനും ചുറ്റിലും പറന്നു നടന്നു..

 

സ്കൂളില്‍ അവന് കുരുവി എന്നു പേര്‍ കിട്ടി..അവനാരോടും എതിര്‍ക്കാന്‍ പോയില്ല.."കുരുവി"..അവനെന്തോ ആ പേരിനോട് വലിയ ഇഷ്ടം തോന്നി..എന്തിന് പരിഭവിക്കണം?എന്തിനെതിര്‍ക്കണം..എന്തോ എതിര്‍പ്പില്ലാതായതുകൊണ്ട് വിളിയുടെ ശക്തി കുറഞ്ഞു..

 

പക്ഷേ അവന്‍ മനസ്സുകൊണ്ട് കുരുവി എന്ന പേര്‍ വിളിച്ചുകേള്‍ക്കാന്‍ കൊതിക്കുകയായിരുന്നു..അവന്‍ കുരുവിയെപോലെ പാറി നടക്കാന്‍ വല്ലാതെ കൊതിച്ചു..എങ്കില്‍ കുരുവികള്‍ക്കൊപ്പം തനിക്കും പാറി നടക്കാമല്ലോ..

 

ആ വേലിപടര്‍പ്പിനപ്പുറത്തെ കുറ്റിക്കാട് വെട്ടിവെളുത്തു..അവിടെ ഒരു വലിയവീടിന്റെ പണി നടക്കുന്നു..തന്റെ കുരുവികളുടെ വാസസ്ഥലം..അവിടെ തണല്‍ നഷ്ടമായി..അവിടെ നിന്ന വലിയ അയിനിമരം മുറിച്ചുമാറ്റപ്പെടുമ്പോള്‍ തന്റെ ശരീരത്തിന്റെ ഒരു ഭാഗം മുറിച്ചുമാറ്റപ്പെടുന്ന പോലെ നാഥിന് അനുഭവപ്പെട്ടു..അവന്‍ ക്ലാസ്സ്മുറിയില്‍ തനിയെ ഇരുന്നു കരഞ്ഞു..

 

"നാഥെന്തിനാ കരയുന്നത്?"..ടീച്ചര്‍ ചോദിച്ചിട്ടും മറുപടിയൊന്നുമുണ്ടായില്ല..അവന്‍ കരഞ്ഞുകൊണ്ടിരുന്നു..വീട്ടില്‍ പരാതിയെത്തി..

 

"ഈ കുട്ടിക്കെന്തോ കുഴപ്പമുണ്ട്.നല്ലൊരു  ഭ്രാന്തിന്റെ ഡോക്ടറെ കാണിക്ക്.." അമ്മ പതിവ് പോലെ കരഞ്ഞു..അച്ഛന്‍ കയര്‍ക്കാനും..

 

അങ്ങിനെയാണ് ഡോക്ടര്‍ ശിവാനന്ദയുടെ അടുക്കലെത്തിയത്..ഡോക്ടറുടെ മുറിയില്‍ കയറിയതും അവന് വളരെ സന്തോഷം തോന്നി..കുരുവി ചെമ്പരത്തിയില്‍ നിന്ന്‍ തേന്‍ കുടിക്കുന്ന ചിത്രം ചുമരില്‍..ഡോക്ടറവനോട് പലതും ചോദിച്ചു..സാധാരണയില്‍ കവിഞ്ഞ പ്രതിഭയുള്ള കുട്ടിയാണെന്നായിരുന്നു ശിവാനന്ദയുടെ കണ്ടുപിടുത്തം..ഇവനൊരു അസുഖവുമില്ല..

"പ്രകൃതിയുടെ നാശത്തില്‍ ദുഃഖിക്കുന്നത് ഒരു അസുഖമല്ല..മനസ്സില്‍ നിറയുന്ന ദുഃഖം കരഞ്ഞുതീര്‍ക്കുന്നത് ഒരു അസുഖമല്ല.."

 

അവനമ്മയുടെ മുഖത്തേക്ക് നോക്കി..അമ്മ അച്ഛന്റേയും..അച്ഛന് ഡോക്ടര്‍ പറഞ്ഞത് ബോധിച്ച മട്ടില്ല.അച്ഛനപ്പോളും കരുതിയിരിയ്ക്കുന്നത് നാഥിന് എന്തോ കുഴപ്പമുണ്ടെന്ന്‍ തന്നെയാണ്..ഇറങ്ങാന്‍ നേരം കുറച്ച്നേരം കൂടെ ആ കുരുവിയുടെ ചിത്രത്തിലേക്ക് അവന്‍ നോക്കിനിന്നു..

"മോന് ആ ചിത്രം വേണോ?" അവനൊന്നു ചിരിച്ചു

 "ഇതവനെടുത്തുകൊടുക്കൂ.." ഡോക്ടര്‍ സഹായിയെ വിളിച്ചു ആ ചിത്രം ഇളക്കിയെടുത്തു..അവന്റെ കയ്യില്‍ കൊടുത്തു..അവന്‍ അമ്മയുടെ മുഖത്ത് നോക്കി..അമ്മ നെറുകയില്‍ ഒരുമ്മ കൊടുത്തു..

 ആ ചിത്രം എവിടെ പോകുമ്പോളും അവന്‍ കൂടെ കരുതി..വെറ്റിനറികോളേജിലെ പഠിത്തം അവിടെ നിന്നും ഗവേഷണപഠനത്തിനായി .സ്കോളര്‍ഷിപ്പോടെ മാഞ്ചസ്റ്ററിലേക്ക് പറന്നപ്പോളും അവന് കുരുവികള്‍ കൂട്ടായിരുന്നു ആ ചിത്രവും..അവന്റെ മുറിയില്‍ അത് ശാന്തത പടര്‍ത്തി.

 

ഇന്ത്യയിലെ ഒരു പ്രമുഖപത്രത്തിനുവേണ്ടിയുള്ള ലണ്ടനിലെ പ്രാദേശികലേഖകനായി നാഥ്..അവന്റെ ക്യാമറയില്‍ നിറഞ്ഞ ചിത്രങ്ങള്‍ അവന് പണം നേടിക്കൊടുത്തു..ഫോട്ടോഗ്രാഫിയിലുള്ള അവന്റെ മിടുക്ക് ഒരു ഗവേഷകനേക്കാള്‍ നിറഞ്ഞുനിന്നു.

സഞ്ചാരങ്ങളുടെ ലോകത്തേക്ക് അവന്‍ നീങ്ങുകയായിരുന്നു.അമ്മ..ഇടയ്ക്കെല്ലാം നാട്ടിലേക്കുള്ള അവന്റെ വരവിന് കാരണമായി..അമ്മയുമായുള്ള സഹവാസം അവന് പുതിയ യാത്രയ്ക്കുള്ള ഊര്‍ജ്ജം നല്‍കി..ഒരു വരവ് അടുത്ത സഞ്ചാരം..അവനോട് അമ്മ വിവാഹത്തെ പറ്റി ഓര്‍മ്മപ്പെടുത്തികൊണ്ടിരുന്നു..അവന്റെ മനസ്സില്‍ കുരുവികളായിരുന്നു..ആത്മാവ്

നഷ്ടപ്പെടുന്ന കുരുവികള്‍..

 

അവനെത്തേടി വന്ന ഗസ്റ്റ് ലക്ചര്‍ പദവി..പലയിടത്തും അവന്റെ മണിക്കൂറുകള്‍ക്ക് വിലയിടപ്പെട്ടു.അവന്റെ വാക്കുകള്‍ക്ക് ലോകം കാതോര്‍ത്തു..ഗവേഷകന്‍..സാഹിത്യകാരന്‍..ഫോട്ടോഗ്രാഫര്‍..ചിത്രകാരന്‍..അവന്‍ അപ്പൂപ്പന്‍ താടി പോലെ പാറി നടന്നു..ഇന്നിവിടെ നാളെ മറ്റൊരിടത്ത് യാത്രകളുടെ രസങ്ങള്‍!അവന് ലൈംഗികമായ വികാരങ്ങളുണ്ടായില്ലേ?അവന്‍ സൃഷ്ടിയിലായിരുന്നല്ലോ എന്നും..അതില്‍ രതി നല്‍കുന്ന ആനന്ദം അവന് കിട്ടിയിരുന്നിരിക്കണം..നെറ്റിത്തടത്തിലൂടെ അവനില്‍ കയറിക്കൂടുന്ന ഊര്‍ജ്ജം..അടുത്ത രതിവേളകള്‍ക്ക് അവനെ ശക്തിയുള്ളവനാക്കി..

 

എന്നും അവന്‍ ഡോക്ടര്‍ ശിവാനന്ദയെ മറന്നില്ല.നാട്ടില്‍ വരുന്ന ഒരു സന്ദര്‍ഭത്തിലും അവന്‍ ഡോക്ടറെ കാണാന്‍ മറന്നില്ല.ഒരു ആത്മീയഗുരുവിനെ പോലെ അദ്ദേഹമവനെ സ്വീകരിച്ചു.അവര്‍ സംവദിച്ചു..ഓരോ വരവിലും ഡോക്ടര്‍ ശിവാനന്ദയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നു..ആത്മീയതയിലേക്ക് നീങ്ങുന്ന ഡോക്ടറെ തെല്ല് കൗതുകത്തോടെയാണ് അവന്‍ കണ്ടത്

ഭാര്യയുടെ മരണശേഷം കാഷായവസ്ത്രധാരിയായ ശിവാനന്ദ..മക്കളെയും വീടും ഉപേക്ഷിച്ചു..അദ്ദേഹത്തിന്റെ രോഗികള്‍ക്ക് അദ്ദേഹത്തെ ആഴ്ചകളോളം കാത്തിരിക്കേണ്ടി വന്നു..സഞ്ചാരത്തില്‍ ആനന്ദം കണ്ടെത്തി ഡോക്ടര്‍..മിക്കപ്പോളും പോത്തന്‍‌കോടുള്ള കരുണാഗരഗുരുവിന്റെ ആശ്രമത്തിലേക്ക് ആദ്ദേഹം യാത്ര തിരിക്കും.ശിവഗിരിയും അദ്ദേഹത്തിന്റെ ഇഷ്ടകേന്ദ്രം തന്നെ.

 രോഗികള്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ ഇ മെയില്‍ തുറന്നുവെയ്ക്കും..ചികിത്സ ഇ മെയിലുകള്‍ വഴി വന്നുകൊണ്ടിരുന്നു..അദ്ദേഹത്തിന് എന്തൊക്കെ ഉപേക്ഷിച്ചാലും അവരെ ഉപേക്ഷിക്കാന്‍ വയ്യായിരുന്നു.അനേകം കുടുംബങ്ങളുടെ കണ്ണീരുണക്കുന്ന ഒരു കര്‍മ്മത്തിന് താന്‍ നിമിത്തമാണെന്ന്‍ അദ്ദേഹത്തിനറിയാമായിരുന്നു..

അദ്ദേഹം വഴി ആശ്രമങ്ങളിലേക്കുള്ള യാത്രകളുടെ എണ്ണം കൂടി വന്നു..കാരണം പലപ്പോഴും അദ്ദേഹം ആശ്രമത്തിലായിരിയ്ക്കും എന്നതു തന്നെ..

 അമ്മയുടെ മരണം അവനെ കൂടുതല്‍ സ്വതന്ത്രനാക്കി.കാടിന്റെ മരണം സംഭവിക്കുന്നിടത്ത് നാഥിന്റെ സാന്നിധ്യമുണ്ടായി..മരങ്ങള്‍ മുറിഞ്ഞുവീഴുന്നിടത്തവന്റെ ശബ്ദമുയര്‍ന്നു..കുരുവികള്‍ അവനുചുറ്റും അന്നും കലപില കൂട്ടി..യാത്രകളില്‍ എവിടെ നിന്നാണ് അവനരികിലേക്ക് അവ തേടി വരുന്നത് ആര്‍ക്കറിയാം?ഡോക്ടര്‍ ശിവാനന്ദ  തമാശയായി പറഞ്ഞു "നിന്നില്‍ കുരുവികളുടെ ആത്മാക്കള്‍ കൂടു കൂട്ടിയുണ്ടാകും ..അതാണ് അവ നിന്നെ തേടി വരുന്നത്"..അദ്ദേഹം അതു പറഞ്ഞ് പൊട്ടിചിരിച്ചു.

 നാഥ് തന്നില്‍ കൂടു കൂട്ടിയ കുരുവികളുടെ ആത്മാക്കളോട് സംസാരിച്ചു..

അവ പരാതി പറഞ്ഞു "നീ കണ്ടില്ലേ ഞങ്ങള്‍ വംശം മുടിയുന്നത്?..ഞങ്ങളുടെ വാസസ്ഥലങ്ങള്‍ കയ്യേറപ്പെടുന്നത്?"

അവന്‍ അവര്‍ക്ക് വേണ്ടി ഒച്ച വെച്ചു.എവിടേയും അവനെ ഒച്ച കേള്‍ക്കുന്നില്ലായിരുന്നു..ഇന്ന്‍ സന്ന്യാസത്തിന്റെ കാഷായത്തില്‍ അവന്‍ സ്വാമി ശുഭാനന്ദയാണെങ്കിലും അവനെ കുരുവികളുടെ ആത്മാക്കള്‍ ശല്യം ചെയ്തു കൊണ്ടിരുന്നു.അവന്‍ കുരുവികള്‍ക്കായി വാസസ്ഥലമൊരുക്കി.എന്നിട്ടും അവ കലപില കൂട്ടി..കോണ്‍ക്രീറ്റ് കാടുകള്‍ക്കിടയില്‍ ഭക്ഷ്ണമെവിടെ?തേനെടുക്കും പൂക്കളെവിടെ?

 

അസ്വസ്ഥനായ സഞ്ചാരിയായി നാഥെന്ന ശുഭാനന്ദ തന്റെ പാഴ്ജന്മത്തെ ഓര്‍ത്ത് വേവലാതിപ്പെട്ടു..മരിച്ചുപോകുന്ന പ്രകൃതിയെ ഓര്‍ത്തു

 വേദനിച്ചു.കൊല്ലപ്പെടുന്ന കുരുവികളെ ഓര്‍ത്തു..തകര്‍ക്കപ്പെടുന്ന അവയുടെ കൂടുകളോര്‍ത്തു.അപ്പോള്‍ കുരുവികളുടെ ആത്മാക്കള്‍ അവനോട് സഹതപിച്ചു.."നിന്നെ വെറുതെ ശല്യം ചെയ്യേണ്ടിയിരുന്നില്ല .ഞങ്ങളുടെ സങ്ക്ടം ഇത്രയ്ക്കും നിന്നെ വേദനിപ്പിച്ചോ?.നിന്റെ സങ്കടം കാണാന്‍ വയ്യ!.."

 

കുരുവികളുടെ ആത്മാക്കള്‍ക്ക് അവനോട് സ്നേഹമായിരുന്നു..!

                     By

സുമേഷ്.കെ.ആര്‍‌(SRK)

Friday 12 October 2012

പാട്ടുകളുടെ കാലം


ആദ്യത്തെ കണ്മണി ആണായിരിയ്കണം ..ഒരു പയ്യന്‍സ് പാടികൊണ്ടിരുന്നു ..ചുറ്റിലും കേള്‍ക്കാന്‍ കുറെ പേര്‍
പാടിക്കഴിയുമ്പോള്‍ വലിയ കയ്യടി!..ആ കുട്ടി എന്നും പാട്ടിനെ ഇഷ്ടപ്പെട്ടു,എന്നെ വല്ലാതെ സ്നേഹിച്ച ഒരു വല്യേട്ടന്‍ ഉണ്ട്.സുഗുണന്‍ ചേട്ടന്‍.
ഒരു അഞ്ചു വയസ്സുകാരനായിരുന്നപ്പോളും ഈ പ്രായത്തിലും അതെ വാത്സ്യല്യത്തോടെ എന്നെ സ്നേഹിക്കുന്നു.ആ പയ്യന്‍സ് ഇന്നും ആ സ്നേഹം മനസ്സില്‍ 
കൊണ്ടുനടക്കുന്നു.എന്നെ സ്നേഹിച്ച  സ്നേഹിക്കുന്ന എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു.

ഏട്ടന്റെ കൈ പിടിച്ച് വലിയ സ്കൂളിലേക്ക് നടന്നു ചെന്നപ്പോള്‍ അവിടെ "ആപ് ജൈസാ കോയി മെര.." എന്ന് തുടങ്ങുന്ന ഗാനം അലയടിയ്ക്കുന്നു.കുറെ ചേട്ടന്മാര്‍ ഡാന്‍സ് 
ചെയ്യുന്നു.ആ പയ്യന്‍സും കൂടെ നൃത്തം വെച്ചു. ആ പയ്യന്‍ ആ പാട്ട് കേള്‍ക്കുമ്പോള്‍ മനസ്സുകൊണ്ട് ഇന്നും നൃത്തം വെയ്ക്കുന്നു.പാട്ട് ആസ്വദിക്കുന്നവരില്‍  ജാതി ഇല്ലായിരുന്നു.മതം ഇല്ലായിരുന്നു.
നിറഞ്ഞു നിന്നത് സ്നേഹം മാത്രം.അതുകൊണ്ട് പാട്ടുകള്‍ സ്നേഹമാണെന്ന് എനിക്ക് തോന്നുന്നു.

ഓരോ കാലവും ഓരോ പാട്ടുകളുടെ കാലം.കുഞ്ഞായിരിയ്ക്കെ അമ്മ പാടി തന്ന പാട്ടുകള്‍. വലുതായപ്പോള്‍ അമ്മ പാടി തന്ന പാട്ടുകള്‍  
എന്റെ പ്രിയപ്പെട്ട പാട്ടുകളായി .."കന്നിനിലാവത്തെ കസ്തൂരി പൂക്കുന്ന കൈതേ..."..ഈ പാട്ട് കേള്‍ക്കുമ്പോള്‍ അമ്മയുടെ മുടിയിലെ എള്ള് എണ്ണയുടെ മണം വരുന്നു.കൂടെ മനസ്സില്‍ ഒരായിരം കൈതകള്‍ പൂക്കുന്നു.നിലാവിന്റെ തണുപ്പ് ചുറ്റിലും നിറയുന്നു.എന്റെ അമ്മ മുന്‍പില്‍ വന്നു നിന്ന് പാടുന്ന പോലെ.പാടുമ്പോള്‍ അമ്മയുടെ കണ്ണില്‍ നിന്ന്‍ കണ്ണുനീര്‍ ധാരയായി ഒഴുകും.കാലം പല വേദനകളും തന്നപ്പോളും പാട്ടുകളില്‍ അമ്മ വന്നു നിറയുന്നു ..പാട്ടായി നിലാവിന്റെ തണുപ്പായി വരുന്നു.പാട്ട് അമ്മയാകുന്നു.ഇപ്പോള്‍ എന്റെ കണ്ണില്‍ നിന്നാണ് കണ്ണീര്‍ പൊടിയുന്നത്.

പത്താം ക്ലാസില്‍ ഇന്ദുപുഷ്പം ചൂടി നില്‍ക്കുന്ന രാത്രികള്‍ ..ചിത്രയുടെ ദൈവീക ശബ്ദത്തില്‍ കാതില്‍ അലയടിച്ചു.ധ്വനിയിലെ ജാന്കീജാനെ...ബോംബെ രവി ഒരു പരിചിതനായി.കൂടെ നൌഷാദ്. ഓ.എന്‍. വി ,യൂസഫലി കേച്ചേരി ..കൂടെ വൈശാലിയുടെ വശ്യ സൌന്ദര്യം ഉറക്കം കെടുത്തിയ രാത്രികള്‍... .. .കൌമാരത്തിന്റെ കാമ മോഹങ്ങളില്‍ വൈശാലി നിറഞ്ഞാടി.
പോളിടെക്നിക്കിലെ  ക്ലാസ് മുറികളില്‍ പുതു വെള്ളൈ മഴൈ പൊഴിഞ്ഞു ..ചിന്ന ചിന്ന ആശൈകളുമായി മധുബാല..ഹോഗനക്കലിന്റെ വശ്യ സൌന്ദര്യത്തില്‍ കുളിച്ചു കയറി.കൂടെ റഹ്മാന്‍ എന്ന കസ്തൂരി മാന്‍ പാട്ടിന്റെ കസ്തൂരിഗന്ധമായി പിന്നെ അവന്‍ ഓസ്കാര്‍ നേടി വന്നപ്പോള്‍ .നീ ഞങ്ങളുടെ കൂട്ടുകാരനായിരുന്നു.ഇന്നും മനസ്സില്‍ ഞങ്ങളുടെ സമപ്രായക്കാരനാകുന്നു.നിന്റെ വളര്‍ച്ചയില്‍ ഞങ്ങള്‍ അഭിമാനം കൊണ്ടു.
കാതല്‍ റോജാവേ പാടി കാമുകഹൃദയങ്ങള്‍ തേങ്ങി..സുന്ദരനായ  അരവിന്ദ് സ്വാമി പെണ്‍ കുട്ടികളുടെ ഹരമായി.അവനെ തേടി ബംഗാളില്‍ നിന്ന് പോലും പെണ്‍കുട്ടികള്‍ വന്നു.ഇന്നും മനസ്സില്‍ 
റോജയിലെ പാട്ടുകള്‍ അലയടിയ്ക്കുന്നു.എന്റെ കൂട്ടുകാര്‍ എല്ലാവരും ഇന്നും അത് ആസ്വദിക്കുന്നുണ്ടാവും.എന്റെ ഒരു കൂട്ടുകാരി എന്റെ ഒരു ക്ലാസ് മേറ്റിനെ ചൂണ്ടികാട്ടി അവന്‍ അരവിന്ദ് സ്വാമിയെ പോലെ ഇരിക്കുന്നു എന്ന് പറഞ്ഞു.അങ്ങിനെയാണോ? ആ ആര്‍ക്കറിയാം? എങ്കിലും ആള്‍ സുമുഖനാണ് ഇന്ന് ഞാനവന്റെ അടുക്കല്‍ പോയിരുന്നു.എന്റെ കൂട്ടുകാരന്‍ ഷമീറിന്റെ അടുക്കല്‍ .അവന്റെ മോള്‍ കോല്‍ കൊല വെറി പാട്ട് പാടുന്നു.ആ കൊഞ്ചല്‍ എന്റെ മനസ്സില്‍ സന്തോഷം നിറയ്ക്കുന്നു.

ഞങ്ങളുടെ കല്യാണ കാസറ്റില്‍ "കരയാതെന്‍ തുമ്പി ഞാനില്ലേ നിന്‍ കൂടെ " എന്ന പാട്ട് കേട്ടപ്പോള്‍ ഒരിക്കലും കരുതിയില്ല അവളുടെ കണ്ണീരില്‍ ഞാന്‍ മാത്രമാകുമെന്ന്‍......
അവളുടെ അച്ചനും അമ്മയും കൂടെ അവളുടെ ആങ്ങളയും മരിച്ച വിവരം പോലീസ്  വിളിച്ചു പറയുമ്പോള്‍ ചിന്ന ചിന്ന ആശയായിരുന്നു. എന്റെ റിംഗ് ടോണ്‍ ..പിന്നെ പിന്നെ ആ പാട്ട് കേള്‍ക്കുമ്പോള്‍ വിഷത്തിന്റെ മണമായിരുന്നു .ഇന്നും ആ വിഷത്തിന്റെ മണം ആ പാട്ട് കേള്‍ക്കുമ്പോള്‍ ഞാന്‍ അനുഭവിക്കുന്നു.അഞ്ചു കൊല്ലം കൊണ്ട് ആ പാട്ട് കേള്‍ക്കാന്‍ എനിക്ക് മനശക്തി ഇല്ല.

ഇന്ന് പക്ഷെ ഞാനും ഷമീരും സംസാരിച്ചത് മറ്റൊരു വിഷത്തെ പറ്റിയായിരുന്നു.നാട്ടില്‍ പടര്‍ന്നു വരുന്ന വര്‍ഗ്ഗീയ വിഷത്തെ പറ്റിയാണ് .ഓരോ ഹിന്ദുവും ഹിന്ദുവിന്റെ സ്കൂളില്‍ പഠിക്കുന്നു.മുസ്ലീം മുസ്ലീം സ്കൂളില്‍ പഠിക്കുന്നു .ക്രിസ്ത്യാനി ക്രിസ്ത്യാനിയുടെ സ്കൂളില്‍ പഠിക്കുന്നു.എന്റെ മകന് ഒരു മുസ്ലീം സുഹൃത്തുണ്ടാവില്ലേ?ഒരു ക്രിസ്ത്യാനി സുഹൃത്താവില്ലേ?
ഷമീറിന്റെ ഉമ്മ വിളമ്പി തന്ന ജീരകകഞ്ഞിയുടെയും ഇടിയപ്പത്തിന്റെയും രുചി എന്റെ മക്കള്‍ക്ക് കിട്ടില്ലേ?. ആ ഉമ്മ എന്നെ ഒരു മകനായി തന്നെ സ്നേഹിക്കുന്നു .ആ ഉമ്മയെ എന്റെ ഉമ്മയായി തന്നെ.സുധീറിന്റെ ഉമ്മ എന്റെ ജീവിതവിജയത്തിന്ന്‍ വേണ്ടി പരിശ്രമം ചെയ്തു.സ്നേഹിക്കാന്‍ ജാതി നോക്കുന്ന ഈ കാലത്ത് ഷമീറിന്റെ മകള്‍ കൊല വെറി പാടുമ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞത് കൊലകള്‍ നടത്തുന്ന മറ്റൊരു കൊല വെറിയെ പറ്റിയായിരുന്നു.അത് മത വെറി അല്ലാതെ മറ്റൊന്നും അല്ലായിരുന്നു.


പരമകാരുണികനായ ദൈവമേ നിന്റെ പേരില്‍ ഉള്ള മതത്തിന്റെ വാദികള്‍ ആരെയും കൊല്ലാതിരിയ്ക്കാന്‍ അങ്ങ് തന്നെ കാത്തു കൊള്ളാന്‍ പ്രാര്‍ഥിക്കുന്നു.അവരെ മതത്തിന്റെ പേരില്‍ പരസ്പരം പിരിക്കാതിരിക്കട്ടെ .സ്നേഹത്തിന്റെ സംഗീതം കേള്‍ക്കുന്നുണ്ട് .അങ്ങ് ദൂരെ ..പാട്ടുകളുടെ കാലം ..തോളില്‍ കയ്യിട്ടു എന്റെ ബാല്യകാലം നൃത്തം വെയ്ക്കുന്നു.വേര്‍തിരിവുകള്‍ ഇല്ലാത്ത പാട്ടുകളുടെ കാലം ആയിരിയ്ക്കും ഉണ്ടാവാന്‍ പോകുന്നതെന്ന്‍ ആശിക്കാം.

Thursday 6 September 2012



ആര്‍..യു മുഹമ്മദലി?..

ഒരു മുഹമ്മദലിയെ ആയിരിയ്ക്കും നിങ്ങള്‍ ഓര്‍ക്കുക.അങ്ങ് അമേരിക്കയില്‍ നിന്ന് ഇടിയുടെ സുല്‍ത്താനായ മുഹമ്മദലി.അതിശയത്തോടെ മാത്രം ലോകം നോക്കികണ്ട മനുഷ്യനാണ് മുഹമ്മദലി എന്ന ബോക്സിംഗ് ചാമ്പ്യന്‍!വിറയലുമായി പിന്നീട് അദ്ദേഹത്തെ കണ്ടപ്പോള്‍ വലിയ വിഷമം തോന്നി.ഒരിക്കലും ഒരു ജേതാവിനേയും അങ്ങിനെ പിന്നീട് കാണാന്‍ പാടില്ല എന്നു തോന്നിയിട്ടുണ്ട്.വിധാതാവിന്‍റെ മുന്നില്‍ പരാജിതരായിപോകുന്ന ജേതാക്കള്‍ ! അല്ലെങ്കിലും ആരാണ് വിജയിച്ചവന്‍?

ഞങ്ങളുടെ നാട്ടുകാരനായ മറ്റൊരു മുഹമ്മദലിയുണ്ട്.സ്വപ്രയത്നത്താല്‍ ഒരു കമ്പനിയെ വലിയൊരു പ്രസ്ഥാനമാക്കിമാറ്റിയ മനുഷ്യന്‍!എത്ര ഉയര്‍ച്ചയിലും എളിമ നിലനിര്‍ത്തുന്ന മനുഷ്യന്‍.തന്‍റെ നാട്ടുകാര്‍ക്കും തന്‍റെ പ്രയത്നത്തിന്‍റെ പങ്ക് കിട്ടണമെന്ന് ആഗ്രഹിച്ച ഒരാള്‍.ഗള്‍ഫാര്‍ മുഹമ്മദലി.എവിടെയും അദ്ദേഹത്തിന്‍റെ സാന്നിധ്യമുണ്ട്.

മറ്റൊരു മുഹമ്മദലി ഉണ്ടായിരുന്നത് ഞങ്ങളുടെ സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന മുഹമ്മദലി മാഷ്.അദ്ദേഹത്തിന് പ്രസിദ്ധമായൊരു മറുപേരുമുണ്ടായിരുന്നു.അതിവിടെ പറഞ്ഞ് ഗുരുത്വദോഷം വാങ്ങേണ്ടല്ലോ!?

മുഹമ്മദലി എന്ന പേരിനോട് ഒരു ആരാധന ഉണ്ടായിരുന്നു.ഒരു ചാമ്പ്യന് കൊടുക്കാവുന്ന പേര് തന്നെ അല്ലേ?അതിനിടയിലാണ് ഈ ഒരു സാധാരണ മനുഷ്യനെ ഞാന്‍ കണ്ടത്.ഒരു ചറപറ താടി.അതില്‍ എപ്പോളും ഒരു കൈ കൊണ്ട് പിടിച്ചു വലിച്ചുകൊണ്ടിരിക്കും. ഇടയ്ക്ക് ഒരു കൈ ഷര്‍ട്ടിനിടയിലൂടെ നെഞ്ചില്‍ കാണും.കണ്ണുകളില്‍ എപ്പോളും ഒരു  വിഷാദച്ഛവി ഉണ്ടായിരുന്നു.കക്ഷത്തില്‍ എപ്പോളും കുറച്ച പേപ്പറുകള്‍.കാണുമ്പോളൊക്കെ ഒരു തല ചെരിച്ചുകൊണ്ട് അഭിവാദ്യം ചെയ്തുകൊണ്ടു കടന്നുപോകും.അല്ലെങ്കില്‍ ഒരു കൈ പൊക്കി കാണിക്കും.

സ്കൂള്‍ പഠനസമയത്ത് എപ്പോളും എന്‍റെ കൂട്ടുകാര്‍ക്കിടയില്‍ പറയപ്പെട്ടിരുന്ന ഒരു പേരാണ് “സഹായി“ എന്നത്.എന്നും ഒറ്റയാനായിരുന്ന എനിക്ക് പറയത്തക്കതായി അധികമാരേയും അറിയുകയുമില്ല.പഞ്ചായത്തിലെ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചപ്പോളാണ് ഈ മനുഷ്യനെ നേരില്‍ അടുത്ത് പരിചയമായത്.അപ്പോള്‍ ഇതാണ് ആ പരിചിതമായ ചെല്ലപ്പേരിന്‍റെ ഉടമസ്ഥന്‍!
ഒരു റോഡിന്‍റെ ഗുണഭോക്തൃകമ്മിറ്റി സിക്രട്ടറി കൂടെയാണ് ടിയാന്‍.അപ്പോളാണ് ആ പേരിന്‍റെ പ്രത്യേകത ഞാന്‍ കണ്ടെത്തിയത്.ഒരു ചോദ്യവുമായാണല്ലോ ഇഷ്ടാ നിന്‍റെ നടത്തം എന്നു ഞാന്‍ ചോദിച്ചു.സ്വന്തം പേര് മറ്റുള്ളവരെക്കൊണ്ട് ഒരു ചോദ്യമായിട്ടാണല്ലോ പറയിക്കുക. “ആര്‍ യു മുഹമ്മദലി?” നിങ്ങളാണോ മുഹമ്മദലി..
പിന്നെ പിന്നെ ഞാന്‍ കാണുമ്പോളൊക്കെ ചോദിക്കും “ആര്‍ യു മുഹമ്മദലി. “നോ” ഞാന്‍ സഹായി. എന്നു പറഞ്ഞു രണ്ടു പേരും പൊട്ടിച്ചിരിയ്ക്കും.ഇതാണ് മുഹമ്മദലി.പിന്നെ എന്‍റെ പ്രിയചങ്ങാതി തന്നെയായിരുന്നു.എവിടെക്കണ്ടാലും അടുത്തുവരും. ഒരു ദിവസം കണ്ടപ്പോള്‍ നന്നേ ക്ഷീണം തോന്നിയിരുന്നു.എന്തേ ഇഷ്ടാ എന്നു ചോദിച്ചു.”ഇന്നലെ ചെറിയൊരു നെഞ്ചുവേദന തോന്നീന്നേ..അറ്റാക്കാവുമോ സുമേഷേ?”

“ഓ പിന്നെ ..ഒന്നു പോ മനുഷ്യ ഇത്ര ചെറിയ ശരീരമുള്ളവര്‍ക്ക് അറ്റാക്കൊന്നും വരില്ല.ഇങ്ങടെ ശരീരത്തില്‍ നിന്ന് ഹൃദയത്തിലടിയാന്‍ മാത്രമുള്ള കൊഴുപ്പൊന്നുമില്ല.”

“ഹേയ് ..ഇതതല്ല സുമേഷേ .എന്തോ ഒരു പന്തിയല്ലാത്ത വേദനയാണ്.”

“പിന്നെ നിന്നെയൊന്നും പെട്ടെന്നൊന്നും കൊണ്ടു പോകില്ല.വയസ്സൊക്കെയായി പയ്യെ  പയ്യെ മാത്രമേ അങ്ങു കൊണ്ടുപോകൂ.”

പിന്നെയും ചിരിച്ചു കടന്നുപോയി.പിന്നെ ഞാന്‍ പ്രവാസിയായി.സഹായി നാട്ടില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയി.ചിലരങ്ങിനെയാണ്.അവര്‍ക്കതൊരു ചര്യയാണ്.ഒരു പക്ഷേ തന്‍റെ കുടുംബത്തേക്കാള്‍ നാടിനേയും നാട്ടാരേയും സ്നേഹിക്കുന്ന ആളുകള്‍.സഹായിക്ക് ആരോടെങ്കിലും ശത്രുതയുണ്ടായിരുന്നോ?ആര്‍ക്കെങ്കിലും സഹായിയോട്? ഉണ്ടായിരിയ്ക്കാന്‍ ഒരു സാധ്യതയുമില്ല.ചിരിച്ചുകൊണ്ടല്ലാതെ സഹായിയെ ഞാന്‍ കണ്ടിട്ടില്ല.

പിന്നീടൊരു നാള്‍ കേട്ടു സഹായി മരിച്ചു.ഹാര്‍ട്ട് അറ്റാക്കായിരുന്നു.ഇതു മൂന്നാമത്തെ അറ്റാക്കായിരുന്നുവത്രേ!..എന്‍റെ നെഞ്ചിലൂടെ ഒരു കൊള്ളിയാന്‍ മിന്നി.അന്നു ഞാനവനെ കളിയാക്കി.എന്തേ എനിക്കവനോട് അന്നേ ഹോസ്പിറ്റലില്‍ പോണമെന്ന് പറയാന്‍ തോന്നിയില്ല?എന്തൊരു മണ്ടനായിരുന്നു ഞാന്‍ വെറുതെ ഞാന്‍ എന്നെത്തന്നെ പഴിച്ചു.

ശരിയാണ്..മനസ്സു നിറയെ സ്നേഹമായിരുന്നു.അതില്‍ നിന്ന് ഒരു പങ്ക് ഈയുള്ളവനും കിട്ടാന്‍ ഭാഗ്യമുണ്ടായി.എന്‍റെ പ്രിയപ്പെട്ട സുഹൃത്തായത് ആ ഹൃദയനൈര്‍മ്മല്യം അടുത്തറിഞ്ഞതുകൊണ്ടാണ്.എപ്പോളും ഒരു ചോദ്യമുണ്ട് സഹായിയെ പോലെ ഇനിയാരെങ്കിലുമുണ്ടാകുമോ?

അല്ലെങ്കിലും യഥാര്‍ത്ഥമായതിനൊന്നിനും നിലനിൽപ്പില്ലാതെപ്പോയല്ലോ!സംശുദ്ധമായ പൊതുപ്രവര്‍ത്തനം.നിര്‍മ്മലമായ സ്നേഹം.തികഞ്ഞൊരു കമ്മ്യൂണിസ്റ്റിന് മനുഷ്യസ്നേഹി അല്ലാതിരിക്കാനാവില്ല.അവന്‍റെ ആയുധം സ്നേഹമല്ലാതെ മറ്റൊന്നുമാവില്ല.അതു തെളിയിക്കാന്‍ ഈ ഒരു സഹായി മാത്രം മതി.

ലോകത്തിന്‍റെ മൊത്തം വ്യഥകള്‍ ഒരു മനുഷ്യസ്നേഹിയെ ഉലയ്ക്കാം.നീയും അങ്ങിനെയായിരുന്നോ?അസമത്വങ്ങളുടെ ലോകത്ത് വഴിതെറ്റിപ്പോകുന്നവരെ കണ്ട് വേദനിച്ചുവോ?നിനക്ക് വേദനിക്കാതിരിക്കാനാവില്ല.കാരണം നീ ഈ ലോകത്തെ അത്ര കണ്ട് സ്നേഹിച്ചിരുന്നു.ചുറ്റുമുള്ളവരുടെ വേദനകളില്‍ പങ്കു കൊണ്ടിരുന്നു.ഹൃദയത്തിന്‍റെ സ്ഥാനത്ത് പൂവുള്ള മനുഷ്യരുടെ കൂട്ടത്തിലായിരുന്നോ സഹായിയും?ആ പൂ പറിച്ചെടുത്ത് വലിയ തമ്പുരാന്‍ അങ്ങ് അലങ്കാരമാക്കിവെച്ചിരിക്കയാണോ?

പ്രിയമുള്ളവരേ ഒരിക്കലും ഒരു നെഞ്ചുവേദനയും വെറുതെ വെച്ചുകൊണ്ടിരിയ്ക്കരുത്.അത് ഒരപകടകരമായ വേദനയുമായിരിയ്ക്കാം.നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നിങ്ങള്‍ നഷ്ടപ്പെടാതിരിയ്ക്കട്ടെ.എനിക്ക്
 നാട്ടിലെത്തുമ്പോള്‍ തോളില്‍ കൈവെച്ചു എന്നോട് സംസാരിക്കുന്ന നല്ലൊരു ചങ്ങാതിയെ ന്ഷടപ്പെട്ടുപോയി.നിന്നെ ഞങ്ങള്‍ക്ക് വേണമായിരുന്നു.നിന്നെ ഓര്‍ക്കാതിരുന്നിട്ടില്ല ഒരിക്കലും.എന്നും മനസ്സില്‍ ആ കുറ്റബോധമുണ്ട് എന്തേ നിന്നെ അന്നു ഞാന്‍ നിര്‍ബന്ധിച്ചില്ല നല്ലൊരു ഡോക്ടറെ കാണാന്‍?ചിലപ്പോള്‍ നിന്നെ തിരിച്ചുകിട്ടിയേനെ.
 “ആര്‍ യു മുഹമ്മദലി?” “നോ ഐ ആം സഹായി” എന്നു പറഞ്ഞ് പൊട്ടിചിരിച്ചേനെ.ഇന്നും ഓര്‍മ്മകളില്‍ നീ പൊട്ടിച്ചിരിച്ചുകൊണ്ടേയിരിയ്ക്കുന്നു.ഞാന്‍ ആ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടും.”ആര്‍ യു മുഹമ്മദലി?”