Thursday 6 September 2012



ആര്‍..യു മുഹമ്മദലി?..

ഒരു മുഹമ്മദലിയെ ആയിരിയ്ക്കും നിങ്ങള്‍ ഓര്‍ക്കുക.അങ്ങ് അമേരിക്കയില്‍ നിന്ന് ഇടിയുടെ സുല്‍ത്താനായ മുഹമ്മദലി.അതിശയത്തോടെ മാത്രം ലോകം നോക്കികണ്ട മനുഷ്യനാണ് മുഹമ്മദലി എന്ന ബോക്സിംഗ് ചാമ്പ്യന്‍!വിറയലുമായി പിന്നീട് അദ്ദേഹത്തെ കണ്ടപ്പോള്‍ വലിയ വിഷമം തോന്നി.ഒരിക്കലും ഒരു ജേതാവിനേയും അങ്ങിനെ പിന്നീട് കാണാന്‍ പാടില്ല എന്നു തോന്നിയിട്ടുണ്ട്.വിധാതാവിന്‍റെ മുന്നില്‍ പരാജിതരായിപോകുന്ന ജേതാക്കള്‍ ! അല്ലെങ്കിലും ആരാണ് വിജയിച്ചവന്‍?

ഞങ്ങളുടെ നാട്ടുകാരനായ മറ്റൊരു മുഹമ്മദലിയുണ്ട്.സ്വപ്രയത്നത്താല്‍ ഒരു കമ്പനിയെ വലിയൊരു പ്രസ്ഥാനമാക്കിമാറ്റിയ മനുഷ്യന്‍!എത്ര ഉയര്‍ച്ചയിലും എളിമ നിലനിര്‍ത്തുന്ന മനുഷ്യന്‍.തന്‍റെ നാട്ടുകാര്‍ക്കും തന്‍റെ പ്രയത്നത്തിന്‍റെ പങ്ക് കിട്ടണമെന്ന് ആഗ്രഹിച്ച ഒരാള്‍.ഗള്‍ഫാര്‍ മുഹമ്മദലി.എവിടെയും അദ്ദേഹത്തിന്‍റെ സാന്നിധ്യമുണ്ട്.

മറ്റൊരു മുഹമ്മദലി ഉണ്ടായിരുന്നത് ഞങ്ങളുടെ സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന മുഹമ്മദലി മാഷ്.അദ്ദേഹത്തിന് പ്രസിദ്ധമായൊരു മറുപേരുമുണ്ടായിരുന്നു.അതിവിടെ പറഞ്ഞ് ഗുരുത്വദോഷം വാങ്ങേണ്ടല്ലോ!?

മുഹമ്മദലി എന്ന പേരിനോട് ഒരു ആരാധന ഉണ്ടായിരുന്നു.ഒരു ചാമ്പ്യന് കൊടുക്കാവുന്ന പേര് തന്നെ അല്ലേ?അതിനിടയിലാണ് ഈ ഒരു സാധാരണ മനുഷ്യനെ ഞാന്‍ കണ്ടത്.ഒരു ചറപറ താടി.അതില്‍ എപ്പോളും ഒരു കൈ കൊണ്ട് പിടിച്ചു വലിച്ചുകൊണ്ടിരിക്കും. ഇടയ്ക്ക് ഒരു കൈ ഷര്‍ട്ടിനിടയിലൂടെ നെഞ്ചില്‍ കാണും.കണ്ണുകളില്‍ എപ്പോളും ഒരു  വിഷാദച്ഛവി ഉണ്ടായിരുന്നു.കക്ഷത്തില്‍ എപ്പോളും കുറച്ച പേപ്പറുകള്‍.കാണുമ്പോളൊക്കെ ഒരു തല ചെരിച്ചുകൊണ്ട് അഭിവാദ്യം ചെയ്തുകൊണ്ടു കടന്നുപോകും.അല്ലെങ്കില്‍ ഒരു കൈ പൊക്കി കാണിക്കും.

സ്കൂള്‍ പഠനസമയത്ത് എപ്പോളും എന്‍റെ കൂട്ടുകാര്‍ക്കിടയില്‍ പറയപ്പെട്ടിരുന്ന ഒരു പേരാണ് “സഹായി“ എന്നത്.എന്നും ഒറ്റയാനായിരുന്ന എനിക്ക് പറയത്തക്കതായി അധികമാരേയും അറിയുകയുമില്ല.പഞ്ചായത്തിലെ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചപ്പോളാണ് ഈ മനുഷ്യനെ നേരില്‍ അടുത്ത് പരിചയമായത്.അപ്പോള്‍ ഇതാണ് ആ പരിചിതമായ ചെല്ലപ്പേരിന്‍റെ ഉടമസ്ഥന്‍!
ഒരു റോഡിന്‍റെ ഗുണഭോക്തൃകമ്മിറ്റി സിക്രട്ടറി കൂടെയാണ് ടിയാന്‍.അപ്പോളാണ് ആ പേരിന്‍റെ പ്രത്യേകത ഞാന്‍ കണ്ടെത്തിയത്.ഒരു ചോദ്യവുമായാണല്ലോ ഇഷ്ടാ നിന്‍റെ നടത്തം എന്നു ഞാന്‍ ചോദിച്ചു.സ്വന്തം പേര് മറ്റുള്ളവരെക്കൊണ്ട് ഒരു ചോദ്യമായിട്ടാണല്ലോ പറയിക്കുക. “ആര്‍ യു മുഹമ്മദലി?” നിങ്ങളാണോ മുഹമ്മദലി..
പിന്നെ പിന്നെ ഞാന്‍ കാണുമ്പോളൊക്കെ ചോദിക്കും “ആര്‍ യു മുഹമ്മദലി. “നോ” ഞാന്‍ സഹായി. എന്നു പറഞ്ഞു രണ്ടു പേരും പൊട്ടിച്ചിരിയ്ക്കും.ഇതാണ് മുഹമ്മദലി.പിന്നെ എന്‍റെ പ്രിയചങ്ങാതി തന്നെയായിരുന്നു.എവിടെക്കണ്ടാലും അടുത്തുവരും. ഒരു ദിവസം കണ്ടപ്പോള്‍ നന്നേ ക്ഷീണം തോന്നിയിരുന്നു.എന്തേ ഇഷ്ടാ എന്നു ചോദിച്ചു.”ഇന്നലെ ചെറിയൊരു നെഞ്ചുവേദന തോന്നീന്നേ..അറ്റാക്കാവുമോ സുമേഷേ?”

“ഓ പിന്നെ ..ഒന്നു പോ മനുഷ്യ ഇത്ര ചെറിയ ശരീരമുള്ളവര്‍ക്ക് അറ്റാക്കൊന്നും വരില്ല.ഇങ്ങടെ ശരീരത്തില്‍ നിന്ന് ഹൃദയത്തിലടിയാന്‍ മാത്രമുള്ള കൊഴുപ്പൊന്നുമില്ല.”

“ഹേയ് ..ഇതതല്ല സുമേഷേ .എന്തോ ഒരു പന്തിയല്ലാത്ത വേദനയാണ്.”

“പിന്നെ നിന്നെയൊന്നും പെട്ടെന്നൊന്നും കൊണ്ടു പോകില്ല.വയസ്സൊക്കെയായി പയ്യെ  പയ്യെ മാത്രമേ അങ്ങു കൊണ്ടുപോകൂ.”

പിന്നെയും ചിരിച്ചു കടന്നുപോയി.പിന്നെ ഞാന്‍ പ്രവാസിയായി.സഹായി നാട്ടില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയി.ചിലരങ്ങിനെയാണ്.അവര്‍ക്കതൊരു ചര്യയാണ്.ഒരു പക്ഷേ തന്‍റെ കുടുംബത്തേക്കാള്‍ നാടിനേയും നാട്ടാരേയും സ്നേഹിക്കുന്ന ആളുകള്‍.സഹായിക്ക് ആരോടെങ്കിലും ശത്രുതയുണ്ടായിരുന്നോ?ആര്‍ക്കെങ്കിലും സഹായിയോട്? ഉണ്ടായിരിയ്ക്കാന്‍ ഒരു സാധ്യതയുമില്ല.ചിരിച്ചുകൊണ്ടല്ലാതെ സഹായിയെ ഞാന്‍ കണ്ടിട്ടില്ല.

പിന്നീടൊരു നാള്‍ കേട്ടു സഹായി മരിച്ചു.ഹാര്‍ട്ട് അറ്റാക്കായിരുന്നു.ഇതു മൂന്നാമത്തെ അറ്റാക്കായിരുന്നുവത്രേ!..എന്‍റെ നെഞ്ചിലൂടെ ഒരു കൊള്ളിയാന്‍ മിന്നി.അന്നു ഞാനവനെ കളിയാക്കി.എന്തേ എനിക്കവനോട് അന്നേ ഹോസ്പിറ്റലില്‍ പോണമെന്ന് പറയാന്‍ തോന്നിയില്ല?എന്തൊരു മണ്ടനായിരുന്നു ഞാന്‍ വെറുതെ ഞാന്‍ എന്നെത്തന്നെ പഴിച്ചു.

ശരിയാണ്..മനസ്സു നിറയെ സ്നേഹമായിരുന്നു.അതില്‍ നിന്ന് ഒരു പങ്ക് ഈയുള്ളവനും കിട്ടാന്‍ ഭാഗ്യമുണ്ടായി.എന്‍റെ പ്രിയപ്പെട്ട സുഹൃത്തായത് ആ ഹൃദയനൈര്‍മ്മല്യം അടുത്തറിഞ്ഞതുകൊണ്ടാണ്.എപ്പോളും ഒരു ചോദ്യമുണ്ട് സഹായിയെ പോലെ ഇനിയാരെങ്കിലുമുണ്ടാകുമോ?

അല്ലെങ്കിലും യഥാര്‍ത്ഥമായതിനൊന്നിനും നിലനിൽപ്പില്ലാതെപ്പോയല്ലോ!സംശുദ്ധമായ പൊതുപ്രവര്‍ത്തനം.നിര്‍മ്മലമായ സ്നേഹം.തികഞ്ഞൊരു കമ്മ്യൂണിസ്റ്റിന് മനുഷ്യസ്നേഹി അല്ലാതിരിക്കാനാവില്ല.അവന്‍റെ ആയുധം സ്നേഹമല്ലാതെ മറ്റൊന്നുമാവില്ല.അതു തെളിയിക്കാന്‍ ഈ ഒരു സഹായി മാത്രം മതി.

ലോകത്തിന്‍റെ മൊത്തം വ്യഥകള്‍ ഒരു മനുഷ്യസ്നേഹിയെ ഉലയ്ക്കാം.നീയും അങ്ങിനെയായിരുന്നോ?അസമത്വങ്ങളുടെ ലോകത്ത് വഴിതെറ്റിപ്പോകുന്നവരെ കണ്ട് വേദനിച്ചുവോ?നിനക്ക് വേദനിക്കാതിരിക്കാനാവില്ല.കാരണം നീ ഈ ലോകത്തെ അത്ര കണ്ട് സ്നേഹിച്ചിരുന്നു.ചുറ്റുമുള്ളവരുടെ വേദനകളില്‍ പങ്കു കൊണ്ടിരുന്നു.ഹൃദയത്തിന്‍റെ സ്ഥാനത്ത് പൂവുള്ള മനുഷ്യരുടെ കൂട്ടത്തിലായിരുന്നോ സഹായിയും?ആ പൂ പറിച്ചെടുത്ത് വലിയ തമ്പുരാന്‍ അങ്ങ് അലങ്കാരമാക്കിവെച്ചിരിക്കയാണോ?

പ്രിയമുള്ളവരേ ഒരിക്കലും ഒരു നെഞ്ചുവേദനയും വെറുതെ വെച്ചുകൊണ്ടിരിയ്ക്കരുത്.അത് ഒരപകടകരമായ വേദനയുമായിരിയ്ക്കാം.നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നിങ്ങള്‍ നഷ്ടപ്പെടാതിരിയ്ക്കട്ടെ.എനിക്ക്
 നാട്ടിലെത്തുമ്പോള്‍ തോളില്‍ കൈവെച്ചു എന്നോട് സംസാരിക്കുന്ന നല്ലൊരു ചങ്ങാതിയെ ന്ഷടപ്പെട്ടുപോയി.നിന്നെ ഞങ്ങള്‍ക്ക് വേണമായിരുന്നു.നിന്നെ ഓര്‍ക്കാതിരുന്നിട്ടില്ല ഒരിക്കലും.എന്നും മനസ്സില്‍ ആ കുറ്റബോധമുണ്ട് എന്തേ നിന്നെ അന്നു ഞാന്‍ നിര്‍ബന്ധിച്ചില്ല നല്ലൊരു ഡോക്ടറെ കാണാന്‍?ചിലപ്പോള്‍ നിന്നെ തിരിച്ചുകിട്ടിയേനെ.
 “ആര്‍ യു മുഹമ്മദലി?” “നോ ഐ ആം സഹായി” എന്നു പറഞ്ഞ് പൊട്ടിചിരിച്ചേനെ.ഇന്നും ഓര്‍മ്മകളില്‍ നീ പൊട്ടിച്ചിരിച്ചുകൊണ്ടേയിരിയ്ക്കുന്നു.ഞാന്‍ ആ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടും.”ആര്‍ യു മുഹമ്മദലി?”