Friday 22 November 2013

എന്റെ കൃഷ്ണ സങ്കല്‍പം

കുറെ കാലം മുന്‍പ് ഗുരുവായൂരപ്പനോട് മാത്രമായി ഞാന്‍ സങ്കടങ്ങള്‍ പറഞ്ഞ ഒരു കാലമുണ്ടായിരുന്നു...അന്ന് പതിവു പോലെ ഗുരുവായൂര്‍ ക്ഷേത്രം...കാലത്തേ തന്നെ തിരക്കിലാണ്..അന്നു തൊഴുവാനൊക്കില്ലെന്ന് എനിക്കുറപ്പായി..വെണ്ണയും പഴം പഞ്ചസാര വഴിപാട് നടത്തി പുഷ്പാഞ്ജലിക്കുള്ള വഴിപാട് രസീതു വാങ്ങി..വടക്കെ നടയിലെ സെക്യൂരിറ്റിയോട് ചെന്നു ചോദിച്ചു ഞാനൊന്നു പ്രസാദം വാങ്ങിക്കോട്ടെ ..
തൊഴുതോ?”...
ഇല്ല..
എങ്കില്‍ തൊഴുതിട്ട് പ്രസാദം വാങ്ങിക്കോളൂ്” എന്ന സൌജന്യം അനുവദിച്ചു..
പിറകില്‍ ക്യൂവില്‍ നില്‍ക്കുന്ന അണ്ണാച്ചികള്‍ ഉറക്കെ മുറുമുറുക്കുന്നു..
കേരളത്തുകാരനാ.. അതിനാലേ..പാത്തിയാ..മുന്നാടി ഏത്തിവിട്റാങ്ക..
ഉള്ളില്‍ കണ്ണനെ കാണാനുള്ള ഉത്സാഹമാണ്..എന്താണവിടേക്ക് എന്നെ വീണ്ടും വീണ്ടും നയിച്ചിരുന്നത് എന്നത് എനിക്കജ്ഞാതമാണ്..അവിടെ പോകുന്നത് മനസ്സിന് വല്ലാത്തൊരുന്മേഷം തന്നിരുന്നു..മറ്റുള്ളവരുടെ ഭക്തി ആയിരിയ്ക്കാം,,ചിലര്‍
എന്‍റെ കൃഷ്ണാ..എന്നു അലമുറയിട്ട് കരയുന്ന കാണാം...” അതില്‍ ആണ്‍പെണ്‍ പ്രായഭേദം ഒന്നുമില്ല...ചിലര്‍ സാഷ്ടാംഗം വീഴുന്നു..ശയനപ്രദക്ഷിണം ചെയ്യുന്നു..എന്തൊക്കെ പറഞ്ഞാലും നിറഞ്ഞ ഭക്തിയുടെ അന്തരീക്ഷമാണ് അവിടം എന്നും...കുറെയധികം ഉണ്ണികളെ കാണാം..ഗുരുവായൂരപ്പന്‍റെ അനുഗ്രഹത്താല്‍ പിറന്നതെന്ന് ഭക്തര്‍ കരുതുന്ന ഉണ്ണികള്‍!ഗുരുവായൂരില്‍ പോകുമ്പോള്‍ എന്‍റെ ഒരു പ്രിയസുഹൃത്തിനെ കൂടെ കാണുക എന്നത് എന്‍റെ ഒരു ചര്യ തന്നെ ആയിരുന്നു..കളഭം വാങ്ങിച്ചുവരിക അതു നെറ്റിയില്‍ തൊടുക..അതൊരു അടയാളമായിട്ടല്ല..ആ ചന്ദനക്കുറി..നെ‍റ്റിയില്‍ തരുന്ന തണുപ്പിന്..എന്തോ അമ്മ തരുന്ന കൈതണുപ്പിന് തുല്യമായ ഒരു സുഖമുണ്ട്..
എത്ര നേരം ക്യൂവില്‍ നിന്നാലാണ് കണ്ണനെ കാണാനൊക്കുക..മണിക്കൂറുകള്‍ നിന്ന നില്പ് നില്‍ക്കണം ഒന്നിരിയ്ക്കാനോ വിശ്രമിക്കാനോ ഉള്ള സൌകര്യം അവിടെയില്ല..ക്യൂവില്‍ നില്‍ക്കുമ്പോള്‍ തന്നെ ഒന്നിരിയ്ക്കാനുള്ള സൌകര്യമുണ്ടാക്കാവുന്നതേയുള്ളൂ..ഇത്രയധികം വരുമാനം കിട്ടിയിട്ടും ആളുകള്‍ക്ക് കുറച്ച് കരിങ്ങാലി വെള്ളം ക്യൂവില്‍ നില്‍ക്കുമ്പോള്‍ കൊടുക്കാവുന്ന ഒരു സം‌വിധാനം അവിടെയില്ല..ഒരു മൂലക്കെവിടെയോ ഒരു സം‌വിധാനമുണ്ടെങ്കിലും അതാരും കാണാറില്ലെന്നതാണ് വാസ്തവം...(പിന്നെ വെറും‍വയറ്റില്‍ വേണം ദര്‍ശനം എന്ന് ശഠിക്കുന്നവര്‍ ഉണ്ട് ഇത്ര നേരം ക്യൂവില്‍ നില്‍ക്കുമ്പോള്‍ അത് പ്രായോഗികം ആണോ?‌) മഴക്കാലമായാല്‍ വള‍രെ കഷ്ടമാണ്..വയസ്സായവര്‍ തണുത്തു നനഞ്ഞ പ്രതലത്തില്‍ ചവിട്ടി നില്‍ക്കണം..പലതും പ്രതിവിധി ആയി ചെയ്യാനൊക്കും
പക്ഷേ മനസ്സ് വേണമെന്ന് മാത്രം.
ഇതെല്ലാം പറഞ്ഞത് സംഭവത്തിലേക്ക് വരാനാണ്...എന്‍റെ തൊട്ടു മുന്‍പില്‍ ഒരു രണ്ടു വയസ്സുകാരന്‍ അമ്മയുടെ തോളത്തിരുന്നു ചിണുങ്ങുന്നു..ചിണുങ്ങല്‍ പതുക്കെ പതുക്കെ ഉറക്കെയുള്ള കരച്ചില്‍ ആയി..അമ്മ ആശ്വസിപ്പിക്കുന്നുണ്ട്
കരയല്ലേ..ഇപ്പോള്‍ തന്നെ പുറത്തിറങ്ങാം..ഇത്ര നേരം നിന്നതല്ലേ മോനൂട്ടാ..തൊഴുതിട്ട് പുറത്തിറങ്ങാം..
അവനുണ്ടോ കരച്ചില്‍ നിറുത്തുന്നു..കരച്ചില്‍ തന്നെ കരച്ചില്‍..അന്നു ഉദയാസ്തമന പൂജയുണ്ട് നട ഇടയ്ക്കിടെ തുറക്കുന്നു അടയ്ക്കുന്നു...
എനിക്കപ്പോള്‍ മനസ്സില്‍ തോന്നി..കുഞ്ഞ് കരയുന്നത് വിശന്നിട്ടാവും..കയ്യിലുള്ള പഴത്തില്‍ ഒന്നെടുത്ത് അവനു നീട്ടി..വേണ്ടെന്ന് അവന്‍ തലയാട്ടി..അവന്‍റെ അമ്മ പറഞ്ഞു..മേടിച്ചോ..”..കൈ നീട്ടി അവനതു വാങ്ങി...നിമിഷനേരം കൊണ്ടാ പഴം കഴിച്ചു തീര്‍ന്നു....അത്രയും വിശപ്പായിരുന്നു അവന്.അതുകണ്ട് അടുത്ത പഴവും എടുത്തുകൊടുത്തു..വിശപ്പടങ്ങി അവന്‍റെ കരച്ചിലും നിന്നു...അവന്‍റെ അമ്മ എന്നെ നന്ദിസൂചകമായി നോക്കി ചി്രിച്ചു...
ഭംഗിയായി തൊഴുതു പുറത്തിറങ്ങുമ്പോള്‍..കുഞ്ഞിന്‍റെ മുത്തശ്ശന്‍ ഉറക്കെ പറയുകയാണ്..എവിടെ ആ ആള്‍?ഒന്നു നന്ദി പറയാനൊത്തില്ലല്ലോ!”..
ഇതു പറയുമ്പോള്‍ ഞാന്‍ അവരുടെ തൊട്ടും പിറകിലുണ്ട്...
കൃഷ്ണാ നീ തന്നെയാണീ പഴം കൊണ്ടു തന്നത്..എന്‍റെ മോന് അനുഗ്രഹം കിട്ടീതാ അതും ഗുരുവായൂരപ്പന് നേദിച്ച പഴം...
എന്നെ ഇരുത്തി ചിന്തിപ്പിച്ച സംഭവം..ചെയ്തതു ഞാന്‍..പറയുന്നു അതു കൃഷ്ണന്‍ തന്നതാണെന്ന്!അപ്പോള്‍ നമുക്കു ചുറ്റുമുള്ളവരൊക്കെ തന്നെയല്ലേ കൃഷ്ണന്‍!നമുക്ക് നന്മ ചെയ്യുന്നവന്‍!നമ്മെ സ്നേഹിക്കുന്നവര്‍!
ഇതു തന്നെയാണ് സത്യം അല്ലേ?ഈ സംഭവം നടക്കുന്നതിന് മുന്‍പ് തന്നെ ശിവരാം കാരന്തിന്‍റെ ഒരു ലേഖനം മലയാളത്തില്‍ തര്‍ജ്ജമ ചെയ്തത് വായിക്കാനിടയായി..അതിലെ സാരസ്യം എടുത്തെഴുതട്ടെ!...കൃഷണനെന്ന് നാം പറയുമ്പോള്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന സുന്ദരനായ ഒരു കുട്ടിയുടേയോ..പുരുഷന്‍റേയോ..കുസൃതികള്‍ നിറഞ്ഞ നമുക്ക് പരിചയമുള്ള ഒരാളുടേയോ രൂപമായിരിയ്ക്കും..അല്ലെങ്കില്‍ ആരോ വരച്ച സുന്ദരമായ ഒരു ചിത്രമായിരിയ്ക്കും...അതേതൊരു ദൈവത്തെ സംബന്ധിച്ചും അങ്ങിനെ അല്ലേ?രവിവര്‍മ്മയാണ് ഹിന്ദുദൈവങ്ങള്‍ക്ക് ഇന്നു കാണുന്ന രൂപം കൊടുത്തതെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്..അല്ലെങ്കില്‍ തന്നെ ഈ വിഗ്രഹാരാധനയുടെ ആവശ്യമുണ്ടോ?ഇതിനുത്തരം തന്നത് വിനോബാബാവെ ആയിരുന്നു...
കണക്കില്‍ നമ്മള്‍ ബിന്ദു” എന്നതിന് എന്തു നിര്‍വചനം കൊടുക്കുന്നത്?അതിന് സ്ഥാനമോ വലിപ്പമോ..ഇല്ലെന്നൊക്കെയാണ്.എന്നിട്ടും നാമതിന് ഒരു കുത്തിട്ട് A” എന്ന് പേര്‍ കൊടുക്കുന്നു..അപ്പോള്‍ രേഖാഖണ്ഡമോ?അനേകം ബിന്ദുക്കള്‍ ചേര്‍ന്നത്..അതിനും അത്തരത്തില്‍ പേര്‍ കൊടുക്കുന്നു ഒരു ത്രികോണത്തിനും പേര്‍ കൊടുക്കുന്നു..അങ്ങിനെ ഒന്നുമില്ലെന്ന് പറയുന്ന ചിലതില്‍ നിന്ന് പലവിധരൂപങ്ങള്‍ നമ്മള്‍ സങ്കല്പിച്ചെടുക്കുന്നില്ലേ..അതു തന്നെയാണ് വിഗ്രഹാരാധനയുടെ സത്തയും..” എന്തു നല്ല ഉത്തരം അല്ലേ?
ഇനി ഇത്തരത്തില്‍ ഒരു സംഭവം കൂടെ പറയാം..എന്‍റെ ഒരു സുഹൃത്തിന് ഗള്‍ഫില്‍ വെ്ച്ച് ചിക്കന്‍പോക്സ് പിടിച്ചു..ഒറ്റയ്ക്കാണ് കക്ഷിയുടെ താമസം..ആരും ശ്രദ്ധിക്കാനില്ലാതെ തന്‍റെ മുറിയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹം സഹായത്തിനാരുമില്ലാത്തെ തളര്‍ന്നു പോയി..എങ്ങ് നിന്നോ എന്ന വണ്ണം ഒരാളവിടെ വന്നു മുറി തുറന്നു നോക്കി..അര്‍ദ്ധബോധത്തില്‍ കിടന്ന ഇദ്ദേഹത്തെ വന്ന ദേഹം ആശുപത്രിയില്‍ കൊണ്ടു പോയി..പോകുന്ന വഴിക്ക് എന്‍റെ കൃഷ്ണഭക്തന്‍ കൂടെയായ സുഹൃത്ത് പേര്‍ തിരക്ക് അയാള്‍ പറഞ്ഞ പേര്‍ കേട്ട് അവന്‍ രണ്ടു വട്ടം കൂടെ ചോദിച്ചു..ഉത്തരം ഒന്നു തന്നെ
കൃഷ്ണന്‍!” എന്‍റെ സുഹൃത്തിന്‍റെ കണ്‍ നിറഞ്ഞത്രേ!..അതെ കൃഷ്ണന്‍ തന്നെയാണ് അയാളുടെ രൂപത്തില്‍ വന്നതെന്ന് അവന്‍ ഇപ്പോഴും വിശ്വസിക്കുന്നു..
ഇത്തരം അനുഭവങ്ങള്‍ എന്നെ മറ്റൊരു വിശ്വാസത്തിലേക്ക് കൂട്ടികൊണ്ടുപോയി എന്നതാണ് സത്യം..വിഗ്രഹ്ത്തിന്‍റെ ആവശ്യം എനിക്കുണ്ടോ?”ഇല്ല” എന്ന ഉത്തരത്തിലേക്കെത്താന്‍ താമസമൊന്നുമുണ്ടായില്ല...പരമമായ ഒരു സത്യത്തില്‍..പലര്‍ തരുന്ന അനുഭവങ്ങള്‍..സ്നേഹം..കരുതല്‍..എല്ലാവരിലും കൃഷ്ണാംശം കാണാന്‍ തുടങ്ങി..ചിലരുടെ കുസൃതികള്‍ ഇതാണ് കൃഷ്ണന്‍ എന്ന് എന്നില്‍ തോന്നിപ്പിച്ചിരുന്നു... എന്നത് വാസ്തവം തന്നെയാണ്.. പിന്നെ പിന്നെ ഒട്ടനവധി കള്ളനാണയങ്ങളും അക്കൂട്ടത്തിലുണ്ടാവാറുണ്ട്..ചിലര്‍ കാണിക്കുന്ന സ്നേഹത്തിന് പല ഉദ്ദേശ്യങ്ങളും ഉണ്ട്..പലര്‍ക്കും പലതരത്തില്‍ ആണെന്ന് മാത്രം..എങ്കിലും ഓരോ കുഞ്ഞും കൃഷ്ണന്‍റെ പ്രതിരൂപമായി തോന്നുന്നു.ഓരോ സുഹൃത്തും കൃഷ്ണരൂപമായി തോന്നുന്നു..ഇതെല്ലാം ഓരോ ഭ്രാന്തെന്ന് പറയാം അല്ലേ! എങ്കിലും ഓരോ മനുഷ്യനും ഈശ്വരാംശം ആണെന്ന് വിശ്വിക്കാനാണിഷ്ടം..അപ്പോള്‍ തന്നെ ആസുരചിന്തകളും ദൈവികമല്ലേ..ശരിയാണ്..എല്ലാം നമ്മള്‍ ആഗ്രഹിക്കുന്ന പോലെ നടക്കില്ലല്ലോ!എല്ലാം ദൈവമെന്ന് പറയുമ്പോള്‍ ചീത്തയെന്ന് നാം കരുതുന്നതും ദൈവത്തിന്‍റെ ഉത്തരവാദിത്വത്തില്‍ പെട്ടതല്ലേ?ആണെന്നാണ് എന്‍റെ ഉറച്ച വിശ്വാസം..
എങ്കിലും നമ്മളിഷ്ടപ്പെടുന്നത് ലഭിക്കുമ്പോള്‍ കൃഷ്ണന്‍..അല്ലെങ്കില്‍ കംസന്‍!...ഒരാള്‍ നമ്മോട് കംസനെ പോലെ പെരുമാറുമ്പോള്‍ കൃഷ്ണനാകുക അല്ലേ?അതേ ഉള്ളൂ പ്രതിവിധി!നമ്മള്‍ അര്‍ജ്ജുനനെ പോലെ തല കുനിച്ചു നില്‍ക്കുമ്പോള്‍ എവിടെ നിന്നോ ഒരു കൃഷ്ണന്‍ വരും നമുക്ക് നല്ല ഉപദേശങ്ങളുമായി.ഒരാള്‍ അര്‍ജ്ജുനനായി നില്‍ക്കുമ്പോള്‍ നാം കൃഷ്ണനാകുക ...ഇതല്ലേ ശരി?! നിങ്ങള്‍ തന്നെ തീരുമാനിച്ചുകൊള്ളൂ...
ഇന്നാകട്ടെ ഗുരുവായൂരമ്പലം അഖിലേന്ത്യാതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരിടമാണ്..അവിടെ അതിനനുസരിച്ച് തിരക്കുമേറിയിട്ടുണ്ട്..ഇപ്പോള്‍ അവിടെ കുറച്ചു കാറ്റും വെളിച്ചവുമൊക്കെ കടക്കുന്ന അവസ്ഥ ആയിട്ടുണ്ട്..എന്തെങ്കിലും ഒന്നു സംഭവിച്ചാല്‍ അവിടെ എത്തിച്ചേരാവുന്ന അവസ്ഥ ഉണ്ട്..ഇതൊക്കെ ചെയ്തവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു..
എനിക്കവിടെ പോകാന്‍ തോന്നാറില്ല...അതു ഗുരുവായൂര്‍ സത്യഗ്രഹത്തെ പറ്റിയെല്ലാം വായിച്ചപ്പോള്‍ ആണ്..പണ്ട് ഞാനവിടെ കേറിയാല്‍ കൃഷ്ണന് തീണ്ടല്‍ ആയിരുന്നു..ഇന്നു ഞാന്‍ കേറിയാല്‍ തീണ്ടലില്ല..പലയിടത്തും ആ ജാതിയുടെ മുദ്രകള്‍ ഗുരുവായൂരില്‍ കാണാനൊക്കും...ഇന്ന് പല ചെറുപ്പക്കാരും തനിക്കൊപ്പം തന്‍റെ ജാതിപേര്‍ ചേര്‍ക്കുന്ന പ്രവണത കണ്ടുവരുന്നു..മുന്‍പ് കുടുമയും പേരിന്‍റെ വാലും മുറിച്ചു കളഞ്ഞവരുടെ പിന്മുറക്കാര്‍ ജാതിഭ്രമത്തിന് പിന്നാലെ ആയതെന്തുകൊണ്ടായിരിയ്ക്കും?!
അപ്പോള്‍ ഗുരുവായി ഉണ്ടാക്കിയെടുത്ത ക്ഷേത്രങ്ങളില്‍ പോകാമെന്നു വെച്ചു...എവിടെയും അനാചാരങ്ങളുടെ കൊടുവള്ളികള്‍ പടരുന്നതായാണ് തോന്നിയത്..പോയതെല്ലാം തിരിച്ചുവരികയാണല്ലോ എന്ന് ഗുരു പരിതപിച്ചത് വെറുതെയല്ല.എനിക്ക് വല്ലാത്തെ ദുഃഖം തോന്നി..ഒരു കൃഷ്ണത്തുളസികതിരോ തെച്ചിയോ ഒന്നും അമ്പലമുറ്റത്ത് നട്ട് വളര്ത്താന്‍ ആര്‍ക്കും വയ്യ..പൂക്കടയില്‍ നിന്ന് കിട്ടുന്ന വിഷാംശമുള്ള പൂ പ്രസാദത്തിനിടയില്‍ കടിച്ച് എനിക്ക് കയ്പനുഭവപ്പെട്ടു..ഭക്തി സ്ഥാപനവല്‍ക്കരിക്കുകയും ആള്‍ദൈവങ്ങള്‍ വളരുകയും ചെയ്യുന്ന അവസ്ഥ ധനസമ്പാദനം മാത്രം ലക്ഷ്യം വെച്ചുള്ള മഠങ്ങള്‍..നാരായണഗുരു ഉദ്ദേശിച്ച ഔന്നത്യത്തിലേക്ക് ആരും വന്നില്ലെന്ന് പറയേണ്ടിയിരിയ്ക്കുന്നു...നമ്മള്‍ ഒരുപാട് കാലം പുറകിലേക്ക് പോകുന്നു..വയലുകളാല്‍ ചുറ്റപ്പെട്ട് കിടന്ന ഗ്രാമദേവതകള്‍..എല്ലാം നഷ്ടപ്പെട്ട് വെറും കോണ്‍ക്രീറ്റ് കാടുകള്‍ക്കിടയില് കോണ്‍ക്രീറ്റ് കെട്ടിടങ്ങളായി മാറുന്ന അവസ്ഥയും കാ്ണാം...അമ്പലങ്ങള്‍ നമ്മുടെ സംസ്കൃതിയുടെ കൂടെ ഭാഗമാണ് അത് സം‍രക്ഷിക്കപ്പെടേണ്ടത് അവശ്യം തന്നെയാണ്...
വിഗ്രഹാരാധന ശരിയല്ലെന്നും അതെല്ലാം തകര്‍ക്കപ്പെടേണ്ടതാണെന്നും പറയുന്നവര്‍ പറഞ്ഞോട്ടെ...ദൈവമില്ലെന്ന് പറയുന്നവര്‍ അതു പറഞ്ഞോട്ടെ..മനുഷ്യന്‍ എന്തിലെങ്കിലും ആശ്വാസം കൊള്ളട്ടെ...മറ്റുള്ളവരെ ദ്രോഹിക്കാതെ അവനവനിഷ്ടമുള്ള വിശ്വാസം കൊണ്ടുനടക്കട്ടെ! എല്ലാവര്‍ക്കും നന്മ ഉണ്ടാകട്ടെ...മനസ്സിന് സമാധാനം ഉണ്ടാകട്ടെ..എല്ലാവരിലും കൃഷ്ണനെ കാണാന്‍ നമുക്കാവട്ടെ...പാവങ്ങളീല് ക്രിസ്തുവിനെ കണ്ട മദര് തെരെസ നമുക്ക് മാതൃക ആകട്ടെ..
സ്നേഹപൂര്‍വ്വം
സുമേഷ്.കെ.ആര്‍(SRK)

Wednesday 20 November 2013

പരിഹാസം..

പരിഹാസം..
============
പലവട്ടം ചോദിച്ച ചോദ്യങ്ങള്‍ 
പലവട്ടം തേടിയ ഉത്തരങ്ങള്‍!
പലവട്ടമടങ്ങിക്കിടന്ന മോഹങ്ങള്‍ 
ഋതു മാറി പറന്നുവന്നെന്നില്‍
ചേക്കേറി കുറുകിയിണ ചേരുമ്പോള്‍ 
വെറുതെ സഫലമാകാലക്ഷ്യങ്ങളില്‍
അലക്ഷ്യം കണ്ണും നട്ടിരുന്നു;
പലരോടും പലവട്ടം നില വിട്ടു 
പലവട്ടമിരന്നു തുടങ്ങുമ്പോള്‍
പലവട്ടം കണ്ണുനീരിറ്റുമ്പോള്‍
വെറുതെ നോവുന്നുണ്ടായിരുന്നു
ഹൃത്തടമതെന്തിനാവാം?

കയ്യിലുണ്ടായിരുന്നില്ല കനവുകള്‍
കിനാവുകള്‍ കണ്ടുകണ്ടങ്ങ്
നിനച്ചു നോക്കുമ്പോളെയ്ക്കും
കാലം പോയ്പോയിരുന്നു.
ഞാനെന്റെ കണ്ണാടി തല്ലിത്തകര്‍ത്തു
ഹൃത്തടം കല്ലാക്കി മാറ്റി,
ശൂന്യമാം മനസ്സില്‍ പ്രണയത്തെ
പാടുവാന്‍ വിട്ടു,നിലയില്ലാ കയങ്ങളില്‍
ഊളിയിട്ടു പൊങ്ങി,ശ്വാസമെടുക്കാന്‍
കുതറിപൊങ്ങി,പിന്നേയും മുങ്ങിത്താണും
ഗതിയില്ലാതലഞ്ഞും തിരിഞ്ഞും
നീട്ടിയ കൈപ്പടം ചുരുട്ടിപ്പിടിച്ചു
ഞാനെന്റെ പൌരുഷം ഞെരിച്ചുടയ്ക്കുമ്പോള്‍
കാണാതെ പോയൊരു ദൈവവും മനുഷ്യരും
ഒന്ന് ചേര്ന്നല്ലോ പരിഹസിപ്പൂ..

Monday 18 November 2013

അന്‍പേ ശിവം...LOVE IS GOD..ദൈവം സ്നേഹമല്ലാതെ മറ്റൊന്നല്ല!  



ആദ്യമേ പറയട്ടെ ഞാനൊരു ചലച്ചിത്രനിരൂപകനല്ല..എന്‍റെ ആശയഗതികളോട് അടുത്ത് നില്‍ക്കുന്ന ഒരു പ്രമേയം പറഞ്ഞു എന്നുള്ളതുകൊണ്ട് മാത്രം ഒരു ചിത്രത്തോട് തോന്നിയ അടങ്ങാത്ത ഒരു ഇഷ്ടം ഇവിടെ പ്രകടമാക്കുകയാണ് പിന്നെ എക്കാലത്തേയും മികച്ച ഒരു നടനാണ് കമലഹാസന്‍!.സിനിമയാണ് തന്‍റെ ജീവിതമെന്നും പറഞ്ഞുകൊണ്ട് സിനിമയ്ക്കു വേണ്ടി പലതും കൊടുക്കുകയും വാങ്ങുകയും ചെയ്ത പാരമ്പര്യമുള്ള ആളാണ് കമലഹാസന്‍.ഒട്ടനവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റേതായുണ്ട്.പലതിലും പല  നല്ല സന്ദേശങ്ങളും കൊടുക്കാന്‍ നന്നായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്..

അളവന്താന്‍ എന്ന അധികമാരും ശ്രദ്ധിക്കാതെ പോയ ചിത്രത്തില്‍ അതിലെ വില്ലനായ കമലഹാസന് നായികയില്‍ നിന്ന് ബെല്‍റ്റ് കൊണ്ടുള്ള  തല്ല് കിട്ടുന്ന ഒരു സീനുണ്ട്”ഒരുവന്‍റെ ചെറുപ്പകാലം അവനില്‍ എന്തു സ്വാധീനം ചെലുത്തുന്നു എന്നുള്ളതിന്‍റെ മകുടോദാഹരണമാണ് ആ സീനും അതിലെ വില്ലനും.ആ ഒരു സീനിലെ മാനറിസങ്ങള്‍ നോക്കിയാല്‍ മാത്രം മതി ആ നടന്‍റെ വലിപ്പമറിയാന്‍!


മഹാനദിയില്‍ കൊടുക്കുന്ന സന്ദേശവും മറ്റൊന്നല്ല.ഈയടുത്ത് “The Condemned”
എന്ന ഇംഗ്ലീഷ് സിനിമയിലും ആ സന്ദേശമുണ്ടായിരുന്നു..”ഞാന്‍ വെറും കാഴ്ച്ചക്കാരന്‍ അല്ലെങ്കില്‍ ഉപഭോക്താവ്..അവനാണ് തെറ്റ് ചെയ്തത് എന്ന് നാമോരുരുത്തരും ഒഴിഞ്ഞുമാറുന്നു.അങ്ങിനെയാണോ? ആവശ്യക്കാരനില്ലെങ്കില്‍ അവന് തെറ്റ് ചെയ്യാന്‍ തോന്നുമോ? മഹാനദിയിലെ വില്ലനും ഇത്തരത്തില്‍ പറയുന്നുണ്ട്..
നമ്മളും അത്തരത്തിലൊരു വില്ലനാവുന്നില്ലേ?കൌമാരക്കാരുടെ തന്നെ നഗ്നതയ്ക്ക് വിലയിടപ്പെടുന്നത് അത് കാഴ്ചയ്ക്കായ് അഭിനിവേശത്തോടെ വാങ്ങുന്നവരും ഉള്ളതുകൊണ്ടല്ലേ? വാങ്ങുന്നവനും തെറ്റുകാരാണ്.നീലചിത്രങ്ങള്‍ ആവേശത്തോടെ നമ്മള്‍ കാണുന്നുവെങ്കില്‍ അത്തരം മാഫിയയില്‍ പെടുന്ന ഒരു പെണ്‍കൊടിയുടെ കണ്ണീരിന് നമ്മള്‍ കൂടെ തെറ്റുകാരാണ്..


അപൂര്‍വ്വസഹോദരങ്ങള്‍,നായകന്‍,ഗുണ,വിരുമാണ്ഡി,ഇന്ത്യന്‍,അളവന്താന്‍,ഹേ റാം.മഹാനദി...ദശാവതാരം,വേട്ടയാട് വിളയാട്,ഉന്നൈ പോല്‍ ഒരുവന്‍ തുടങ്ങിവയിലെ  വേഷപ്പകര്‍ച്ചകളും
അവ്വൈ ഷണ്‍‍മുഖി,പമ്മല്‍ കി സമ്മന്തം,വസൂല്‍ രാജ .എം.ബി.ബി.എസ്,തെന്നാലി,സതി ലീലാവതി തുടങ്ങിയവയില്‍ കൈകാര്യം ചെയ്ത കോമഡിയും എനിക്കു വളരെ ഇഷ്ടപ്പെട്ടവയാണ്. എന്‍റെ പ്രിയനടനുള്ള എന്‍റെ സ്നേഹപ്രകടനമായി ഇതിനെ വിലയിരുത്തിയാലും തെറ്റല്ല..


മേല്പറഞ്ഞചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു ചിത്രമാണ് “അന്‍പേ ശിവം”
ദൈവം സ്നേഹമല്ലാതെ മറ്റൊന്നല്ലെന്ന് ഉറക്കെപറയുന്ന ചിത്രം.ഒരു പാട് തവണ ആവര്‍ത്തിച്ചു കണ്ടിരിക്കുന്നു ഈ ചിത്രം.ആവശ്യത്തിന് പ്രണയവും തമാശയും കാര്യഗൌരവവും ഒക്കെ ചേര്‍ത്ത് കമലഹാസനും മദനും ചേര്‍ന്നെഴുതി സുന്ദര്‍ സി
സം‌വിധാനം ചെയ്ത ചിത്രം..മറ്റൊരു പ്രത്യേകത ഇതിലെ കിരണ്‍ അഭിനയിച്ച കഥാപാത്രത്തിന് ശബ്ദം കൊടുത്തത് അനുരാധാ ശ്രീറാം എന്ന ഗായികയാണ് എന്നതാണ്.ഓരോ കഥാപാത്രത്തിനും തന്‍റേതായ സംഭാവന കൊടുക്കുന്ന കമലഹാസനെ നിങ്ങള്‍ക്കീ നല്ലാ ശിവം എന്ന കഥാപാത്രത്തില്‍ കാണാം.ഒരു ചെറിയ കഥാപാത്രത്തേയും നിങ്ങള്‍ക്ക് തള്ളിക്കളയാനാവില്ല.,,ഓരോരുത്തരും നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കും.അതു തന്നെയാണീ ചിത്രത്തിന്‍റെ പ്രത്യേകതയും.ഇത്രയ്ക്കും ആശയസമ്പുഷ്ടമായിട്ടും ഇതൊരു പണം‍വാരി ചിത്രം തന്നെയായിരുന്നു.2 മില്യണ്‍ ചെലവു ചെയ്ത് നാലു മില്യണ്‍ കൊയ്ത പടം.

പടം തുടങ്ങുന്നത് രസകരമായ ഒരു മുഹൂര്‍ത്തത്തില്‍ നിന്ന് തന്നെയാണ്.ഭുവനേശ്വര്‍ എയര്‍പോര്‍ട്ടില്‍ എത്തിപ്പെടുന്ന പരസ്യചിത്രസം‌വിധായകനായ അന്‍പരശ് എന്ന മാധവന്‍റെ കഥാപാത്രം ടിവിയിലെ തീവ്രവാദഭീഷണിയെപറ്റിയുള്ള വാര്‍ത്ത കണ്ട് നല്ലാ ശിവത്തെ(കമലഹാസനെ) ഒരു തീവ്രവാദിയായി സംശയിക്കുന്നു.അവിടെ നടക്കുന്ന രസകരമായ കാര്യങ്ങളെ നിങ്ങള്‍ സിനിമയില്‍ കണ്ടുകൊള്ളൂ..എങ്കിലും ആ ഒരു മുഹൂര്‍ത്തത്തില്‍ തന്നെ സന്ദേശമെത്തുന്നു..”കാഴ്ചയിലുള്ള ഒരാളാകില്ല ഉള്ള് കൊണ്ടെന്ന സന്ദേശം..സൌന്ദര്യം എന്തിന്‍റെയെങ്കിലും മാനദണ്ഡമാണോ? അല്ല എന്ന് കാലം തന്നെ പല തവണ തെളിയിച്ചില്ലേ?

പിന്നെ പിന്നെ അന്‍പരശിന്‍റെ പൊങ്ങച്ചങ്ങളുടേയും ഉപരിവര്‍ഗ്ഗജാഡകളേയും ഭംഗിയായി കളിയാക്കുന്നുണ്ട്.നിത്യജീവിതത്തിലും നിങ്ങള്‍ക്കിത്തരം ആളുകളെ കണ്ടെത്താനാവും..തനിക്ക് താഴെയുള്ള നിലവാരത്തില്‍ ജീവിക്കുന്നവരോട് പരമപുച്ഛമുള്ള ഒരു വിഭാഗത്തെ,തനിക്കുള്ളതിനെ പറ്റി പൊങ്ങച്ചം പറയുന്നവരുടെ,തന്നിലെ അഹങ്കാരത്തിന്‍റെ പേരില്‍ മറ്റുള്ളവരെ ചെവി കൊള്ളാതിരിക്കുന്നവരുടെ,സമൂഹത്തില്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന ചിന്താഗതിക്കാരുടെ  ഒക്കെ പ്രതിനിധിയാണ് മാധവന്‍റെ ഈ കഥാപാത്രം.

മഴവെള്ളത്തില്‍ മുങ്ങിയ നഗരത്തില്‍ വിമാനം റദ്ദ് ചെയ്യപ്പെടുന്നു.തന്‍റെ വിവാഹത്തിന് അധികദിവസമില്ലാത്ത അന്‍പരശ് അങ്ങെത്തിപ്പെടാനുള്ള വെപ്രാളത്തിലാണ് .അതേതുടര്‍ന്ന് താനെന്നും താമസിക്കുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ തങ്ങാനുള്ള ശ്രമം പരാജയപ്പെട്ട അന്‍പരശ് നല്ലാ ശിവത്തിനൊപ്പം 2 സ്റ്റാര്‍ ഹോട്ടലില്‍ തങ്ങേണ്ടി വരുന്നു.അവിടെയെത്തുന്നതിന് മുന്‍പ് 36 ലക്ഷത്തോളം രൂപയുടെ ചെക്കടങ്ങിയ നല്ലാശിവത്തിന്‍റെ സഞ്ചി ചവറ്റുകുട്ടയിലിടുന്നുണ്ട് അരശ്..തനിക്ക് സഹായം ചെയ്യുന്നവരേയും നിസ്സങ്കോചം വഴിയിലുപേക്ഷിക്കാനും അവരെ മറന്നുകളയാനുമുള്ള ഉപരിവര്‍ഗ്ഗക്കാരന്‍റെ മന:സ്ഥിതിയെ ഇതു തുറന്നുകാണിക്കുന്നു.പലപ്പോഴും തന്നെക്കാള്‍ താഴ്ന്നവന്‍റെ സഹായങ്ങളെ പുച്ഛത്തോടെ വീക്ഷിക്കുന്ന ഒരു ഉപരിവര്‍ഗ്ഗക്കാരനെ മാധവന്‍റെ കഥാപാത്രത്തില്‍ കാണാം.ഉപയോഗിക്കുക വലിച്ചെറിയുക എന്ന സംസ്ക്കാരത്തിന്‍റെ പ്രതിനിധി.


ഇത്രയൊക്കെ സഹായിച്ചിട്ടും തന്നോടൊപ്പം നല്ലായെ കൂട്ടാന്‍ അരശ് തയ്യാറാകുന്നില്ല.അയാളെ ഉണര്‍ത്താതെ റെയില്‍വേസ്റ്റേഷനിലേക്ക് പോകുന്ന അരശിനെ കാത്തിരുന്നത് കുട്ടികള്‍ നീന്തല്‍ക്കുളമാക്കിയ റെയില്‍വേസ്റ്റേഷനായിരുന്നു.അവിടെ പോക്കറ്റടിക്കപ്പെടുന്ന അരശിന് സഹായമായെത്തിയതും നല്ലാ ശിവം തന്നെ. നികുതിയടക്കുന്ന ഒരു പൌരന്‍റെ ആത്മരോഷം പ്രകടമാക്കുന്നുണ്ട് അരശ്.ഉപരിപ്ലവമായി കാര്യങ്ങള്‍ അനവസരത്തില്‍ പറയുന്ന ഉപരിവര്‍ഗ്ഗക്കാരന്‍!അവനും അവകാശബോധമുണ്ട്..അത് അയാള്‍ക്ക് പ്രശ്നങ്ങള്‍ വരുമ്പോള്‍ മാത്രം!
ഒരാള്‍ അരിക്ക് വില കൂടി എന്ന് പരിതപിക്കുമ്പോള്‍ ഒരാള്‍ ഗാട്ട്കരാടിനെ കുറിച്ചും വാറ്റിനെകുറിച്ചും ഷെയറിനെകുറിച്ചെല്ലാം സംസാരിക്കുന്ന പോലെ..നല്ലൊരു തമാശയായി നമുക്കതനുഭവപ്പെടുന്നു..

പിന്നെ ബസ്മാര്‍ഗ്ഗം ആന്ധ്രയിലേക്കും പിന്നെ ട്രെയിന്‍‍മാര്‍ഗ്ഗവും തമിഴ്നാട്ടിലെത്താനുള്ള ശ്രമത്തിനിടയിലും അനവധി രസകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നുണ്ട് അന്‍പരശിലെ പൊങ്ങച്ചക്കാരന്‍!ഒരു നാട്ടിന്‍പുറ റെയില്‍വേ സ്റ്റേഷനില്‍ ഇരുന്നുകൊണ്ട് അന്‍പരശ് പുച്ഛത്തോടെ ചോദിക്കുന്നുണ്ട് നിങ്ങള്‍ക്കും പ്രണയമുണ്ടായിരുന്നോ എന്ന്!..അവിടെ നല്ലായുടെ ഭൂതകാലം കാണിച്ചുതുടങ്ങുന്നു.തെരുവുനാടകവും പ്രതിഷേധവും കലയുമൊക്കെയായി നടക്കുന്ന നമ്മുടെ നാട്ടിന്‍പുറത്തുകാരനായ ഒരു തന്‍റേടിയായ ചെറുപ്പക്കാരനെ ഇവിടെ നല്ലാശിവമെന്ന എല്ലാവരും നല്ലയെന്നും സഖാവെന്നും വിളിക്കുന്ന കമലഹാസന്‍റെ കഥാപാത്രത്തെ കാണാം.ഇവിടെയും അന്‍പരശിലെ ഉപരിവര്‍ഗ്ഗകോപ്രായങ്ങള്‍ കളിയാക്കപ്പെടുന്നു‌ണ്ട്.അതെല്ലാം നേരില്‍ കണ്ടുകൊള്‍ക.കുറച്ചു നേരമേ ഉള്ളൂവെങ്കിലും ഈ സ്റ്റേഷന്‍ മാസ്റ്ററും ഒറീസക്കാരനായ സഖാവും നമ്മുടെ മനസ്സില്‍ തങ്ങും തീര്‍ച്ച..

നല്ലാശിവത്തിന്‍റെ ഭൂതകാലത്തെ കാണിച്ചതില്‍ പ്രത്യേകതയൊന്നുമില്ലെങ്കിലും കൂടെ നിഴല്‍ പോലെ നടന്ന പെണ്ണിനെ മറക്കാനാവില്ല.അവള്‍ അയാളോട് ചോദിക്കുന്ന ചോദ്യങ്ങളും.നമ്മള്‍ മറ്റൊരാളെ സ്നേഹിക്കുമ്പോള്‍ നമ്മളെ മാത്രം നിനച്ചിരിക്കുന്ന മറ്റൊരാളുണ്ടാവും..അതു മനസ്സിലാക്കുമ്പോഴേക്കും വൈകിയിരിയ്ക്കും.
പിന്നെ മറക്കാനാവാത്തത് പുലിമടയില്‍ പോയി പുലിക്കുട്ടിയെ എടുക്കുന്ന പോലുള്ള അയാളുടെ സാഹസപ്രവൃത്തിയാണ്.തങ്ങളുടെ എതിരാളിയുടെ മകളെ പ്രണയിക്കുക അയാളുടെ ഓഫീസില്‍ കമ്മ്യൂണിസ്റ്റ് ചിന്താഗതികള്‍ വരച്ചുവെയ്ക്കുക..എന്നിങ്ങനെ.
നാസര്‍ അവതരിപ്പിച്ച കന്തസാമി എന്ന കഥാപാത്രം വളരെ ഭംഗിയാക്കിയിട്ടുണ്ട്.ശിവനെ ആരാധിക്കുന്ന മനുഷ്യമൂല്യങ്ങള്‍ക്ക് ഒരു പ്രാധാന്യവും കൊടുക്കാത്ത ഒരാള്‍!..എന്‍റെ ദൈവമേ എന്നുറക്കെ എപ്പോളും വിളിച്ച് വേണ്ടാതീനങ്ങള്‍ കാണിക്കുന്നവരുടെ പ്രതിനിധി..പിന്നെ
ഈ ഫ്ലാഷ് ബാക്കില്‍ അയ്യപ്പബൈജുവിനു തുല്യനായ ഒരു കഥാപാത്രത്തെ കാണിക്കുന്നുണ്ട്..കാണുക കുടിയനെല്ലായിടത്തും ഒരേപോലേയാണോ?സോഷ്യലിസം നമുക്ക് മദ്യപാനത്തിലൂടെ നടപ്പിലാക്കാമോ?നമ്മുടെ നാട്ടിലെ മദ്യഷാപ്പുകള്‍ കാണുമ്പോള്‍ അങ്ങിനെ തോന്നുന്നു..


ഒരു ബസപകടത്തില്‍ മുറിവേറ്റ് കിടന്ന നല്ലാശിവത്തെ കണ്ടെത്താന്‍ സഹായിക്കുന്നത് ആ അപകടത്തിന് കാരണക്കാരനായ നായ തന്നെയാണ്.ആ അപകടത്തില്‍ ആശുപത്രിയില്‍ കിടക്കുന്ന നല്ലാ ചത്തുപോയെന്ന് വിശ്വസിപ്പിക്കപ്പെട്ടു അവന്‍റെ കാമുകി.അവിടെ ദേവദൂതയെപോലെ ഒരു നഴ്സ് അയാളെ പിച്ചവെപ്പിക്കുന്നതും ആത്മവിശ്വാസം കൊടുപ്പിക്കുന്നതും നമുക്കു കാണാം..ദൈവികമായ നിമിത്തങ്ങള്‍ സ്നേഹബന്ധങ്ങള്‍..ആശുപത്രിയില്‍ നിന്നുമെത്തുന്ന നല്ലാ തനിക്ക് അപകടമുണ്ടാക്കിയ ശനിയന്‍ നായയേയും കൂടെ കൂട്ടുന്നു..ശങ്കു..

ട്രെയിനില്‍ വെച്ച് കമ്മ്യൂണിസത്തെ എതിര്‍ത്തു പറയുന്ന അന്‍പരശ് മുതലാളിത്തത്തിന്‍റെ ഏജന്‍റാണ് നല്ലാ വിളിച്ചുപറയുന്നു..അതിന്‍റെ അരിശത്തില്‍ നല്ലായുടെ മൂക്കിനിടിച്ചു ചോര വരുത്തുന്നു..അതിനു പകരമെന്നോണം നല്ലാ അന്‍പരശിന്‍റേയും മൂക്കിടി്ച്ച് ചോര വരുത്തുന്നു.തന്ത്രപൂര്‍വ്വം നല്ലായെ പുറത്താക്കി ട്രെയിനില്‍ കയറാന്‍ പറ്റാത്ത അവസ്ഥയിലാക്കുന്നു.ട്രെയിനില്‍ വെച്ച് മറ്റൊരു കള്ളനായ മാന്യനോട് ചേര്‍ന്ന് മദ്യപിക്കുന്ന അന്‍പരശിന്‍റെ സാധനസാമഗ്രികള്‍ മോഷ്ടിക്കപ്പെടുന്നു.ഇതിനിടയില്‍ ട്രെയിന്‍ പോകുന്ന അതേ വഴിയില്‍ നടന്ന ഒരു ട്രെയിന്‍ ദുരന്തം അന്‍പരശിന്‍റെ യാത്ര മുടക്കുന്നു.ഉത്തമനെന്ന് പേരുള്ള കള്ളന്‍ നമ്മുടെ തന്നെ കള്ളന്മാരായ രാഷ്ട്രീയ നേതാക്കളെ ഓര്‍മ്മിപ്പിക്കുന്നില്ലേ?

ആ അപകടസ്ഥലത്ത് വെച്ച് നല്ലായെ വീണ്ടും കണ്ടുമുട്ടുന്നു.തന്നെ പരിചരിച്ച അതേ നഴ്സിനെ തന്നെ ആ അപകടസ്ഥലത്ത് കണ്ടുമുട്ടിയ നല്ലാ..അവിടെ സേവനത്തില്‍ വ്യാപൃതനാകുന്നു.അതിനിടയില്‍ AB-ve ഗ്രൂപ്പ് രക്തത്തിനായുള്ള പരക്കം‍പാച്ചിലില്‍ നല്ലാ അരശിന്‍റെ രക്തഗ്രൂപ്പ് അതാണെന്ന് ഓര്‍ത്തെടുക്കുന്നു.ആദ്യം വിസമ്മതിച്ച അന്‍പരശിനെകൊണ്ട് രകതദാനം നടത്തിയ്ക്കുന്നു..ആ കുട്ടിയെ വിദഗ്ധചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടു പോകുന്ന ആംബുലന്‍സില്‍ തന്നെ നല്ലായും അന്‍പരശും യാത്രയാകുന്നു..
പിന്നീട് കാണുന്നത് അന്‍പരശിന്‍റെ വിഭിന്നമായ മുഖമാണ്.താന്‍ രക്തം ദാനം ചെയ്ത കുട്ടി മരണമടയുമ്പോള്‍ പൊട്ടിക്കരയുന്ന അന്‍പരശ് ദൈവം നീതിമാനല്ല എന്നുറക്കെ പറയുന്നു.നല്ലാ അന്‍പരശും ദൈവമാണെന്ന് പറയുന്നു..തനിക്ക് ആരോരുമല്ലാത്ത ഒരു കുഞ്ഞിനു വേണ്ടി ഉറക്കെ കരയുന്നതതുകൊണ്ടാണെന്ന് നല്ലാ സമര്‍ത്ഥിക്കുന്നു.അവന്‍റെ പേര്‍ തന്നെ അന്‍പ്=സ്നേഹം അരശന്‍=രാജാവ് അതായത് സ്നേഹത്തിന്‍റെ രാജാവ് എന്നാണെന്നും ഇനി മുതല്‍ എ.അരശിനു പകരം അന്‍പരശ് ആണ് നല്ലതെന്നും പറയുന്നു.മുന്‍പ് എനിക്ക് അന്‍പ് ഇഷ്ടമല്ലെന്ന് പറഞ്ഞ അന്‍പരശ് അത് സസന്തോഷം സ്വീകരിക്കുന്നു.

ഇനി പതിവു നാടകാന്ത്യങ്ങള്‍ തന്നെ..രണ്ട് വഴിക്ക് പിരിഞ്ഞ അവരില്‍ നല്ലായുടെ സഞ്ചി അന്‍പരശിന്‍റെ കാറില്‍ മറന്നുവെയ്ക്കുന്നു.അതു തിരിച്ചുകൊടുക്കാന്‍ ചെന്ന അയാള്‍ അവിടത്തെ തൊഴിലാളികളുടെ സ്നേഹവായ്പറിയുന്നു..നല്ലാ പറഞ്ഞ നുണകളെ അറിയുന്നു..നല്ലായെ ദൈവം എന്നു വിളിക്കുന്ന അന്‍പരശ് അയാളെ പിടിച്ച പിടിയാലേ തന്‍റെ കല്ല്യാണത്തിന് കൂട്ടികൊണ്ടു പോകുന്നു..അവിടെവെച്ച് തന്‍റെ മുന്‍പ്രണയിനിയാണ് അന്‍പരശിന്‍റെ വധു എന്ന് അയാള്‍ മനസ്സിലാക്കുന്നു.ആ സാഹചര്യത്തില്‍ മറ്റു മുതലെടുപ്പുകള്‍ക്ക് നില്‍ക്കാതെ തൊഴിലാളികളുടെ ശമ്പളവര്‍ദ്ധനവിനുവേണ്ടി മാത്രം വാദിക്കുന്ന ഒരു മനുഷ്യസ്നേഹിയെയാണ് നല്ലയില്‍ കാണാന്‍ കഴിയുക.ഇതില്‍ കുപിതനായ കന്തസാമി നല്ലായെ വധിക്കാന്‍ പുറപ്പെടുന്നു..എന്നാല്‍  അയാളുടെ സഹചരന് ആ ദൌത്യം ഏറ്റെടുക്കുന്നു.കൊല്ലാനായി ഉയര്‍ത്തിയ കൊടുവാളുമായി വരുന്ന അയാളെ കണ്ട് പരുങ്ങുന്ന നായയെ ചിത്രീകരിച്ചത് നന്നായി തോന്നി.മറ്റു ജീവിവര്‍ഗ്ഗങ്ങള്‍ മനുഷ്യനേക്കാള്‍ മുന്‍പേ മരണത്തെ കാണുന്നു അല്ലേ?എങ്കിലും തനിക്കു മകള്‍ നഷ്ടപ്പെട്ടത് തന്‍റെ പാപകര്‍മ്മങ്ങളാലെന്ന് വിശ്വസിച്ച അയാള്‍ കൊടുവാള്‍ താഴെയിടുന്നു.നല്ലാ അയാളെയും വിളിച്ചു ദൈവം(കടവുള്‍)എന്ന്...

കടവുള്‍ എന്ന തമിഴ് വാക്കാണ് ദൈവമെന്ന പേരിനേക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് എന്ന് ശ്രീ യേശുദാസ് ഈയടുത്തകാലത്ത് പറഞ്ഞിരുന്നു.ഉള്ളുക്കുള്ളേ ഇരിക്കുന്നത് എന്നത്രേ അതിനര്‍ത്ഥം!ഓരോരുത്തരിലും ഉള്ള ദൈവികഭാവങ്ങള്‍ ചില നേരങ്ങളില്‍ ഉണര്‍ത്തപ്പെടുന്നു എന്നാണ് ഞാനും കരുതുന്നത് നിങ്ങളും കടവുള്‍ തന്നെ!...മുന്‍പ് ഞാന്‍ പറഞ്ഞ കൃഷ്ണസങ്കല്പത്തിന് തുല്യമായ ഒരു സങ്കല്പം ഈ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു..അതുകൊണ്ടാവാം ഈ സിനിമ എന്നെ വല്ലാതെ ആകര്‍ഷിച്ചത്.

ഇതില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളുണ്ട്.അതിന്‍റെ എതിരാളികള്‍ക്ക് ചുട്ട മറുപടി കൊടുക്കുന്നുണ്ട്.ഇതൊരുപക്ഷേ നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ്കാര്‍ പോലും പറയാന്‍ വഴിയില്ല.

കാറല്‍ മാര്‍ക്സ്  സമത്വം,തുല്യത എന്നൊക്കെ പറയുന്നതിന് മുന്‍പ് തന്നെ ആ ആശയങ്ങളുണ്ടായിരുന്നു.അദ്ദേഹമത് എഴുതിവെച്ചെന്നേയുള്ളൂ..അത് കൃത്യതയുള്ളതാവണമെന്നില്ല” എന്നത് ഒരു സത്യമല്ലേ?നമ്മുടെ കേരളത്തില്‍ അത്തരമൊരാശയം കമ്മ്യൂണിസ്റ്റുകള്‍ വരുന്നതിന് മുന്‍പേ ഉണ്ടായിരുന്നില്ലേ?നമ്മള്‍ പാടി നടന്ന മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ എന്നത് ആ ആശയമല്ലേ?! അതു പറയുന്നത് അത്തരമൊരാശയം മഹത്തരമെന്ന് തന്നെയാണ്.

2003 ജനുവരി 14ന് ഇറങ്ങിയ ഈ ചിത്രത്തിന്‍റെ കാലികപ്രസക്തി എക്കാലത്തും പൊയ്പോകാന്‍ സാധ്യത ഇല്ലെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്,കാരണം അതൊരു മഹത്തായ ആശയത്തെ ഉദ്ഘോഷിക്കുന്നു..


അന്‍പേ ശിവം...LOVE IS GOD..ദൈവം സ്നേഹമല്ലാതെ മറ്റൊന്നല്ല!സ്നേഹിക്കുന്നവരിലാണ് ദൈവം കുടികൊള്ളുന്നത്.

ഈ ചിത്രം കാണുക എല്ലാവരും..കമലഹാസന് എന്‍റെ  വിനീതമായ കൂപ്പുകൈ!

 സ്നേഹപൂര്‍വ്വം

സുമേഷ്.കെ.ആര്‍(SRK)

അന്‍പേ ശിവം...LOVE IS GOD..ദൈവം സ്നേഹമല്ലാതെ മറ്റൊന്നല്ല!

ആദ്യമേ പറയട്ടെ ഞാനൊരു ചലച്ചിത്രനിരൂപകനല്ല..എന്‍റെ ആശയഗതികളോട് അടുത്ത് നില്‍ക്കുന്ന ഒരു പ്രമേയം പറഞ്ഞു എന്നുള്ളതുകൊണ്ട് മാത്രം ഒരു ചിത്രത്തോട് തോന്നിയ അടങ്ങാത്ത ഒരു ഇഷ്ടം ഇവിടെ പ്രകടമാക്കുകയാണ് പിന്നെ എക്കാലത്തേയും മികച്ച ഒരു നടനാണ് കമലഹാസന്‍!.


2003 ജനുവരി 14ന് ഇറങ്ങിയ ഈ ചിത്രത്തിന്‍റെ കാലികപ്രസക്തി എക്കാലത്തും പൊയ്പോകാന്‍ സാധ്യത ഇല്ലെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്,കാരണം അതൊരു മഹത്തായ ആശയത്തെ ഉദ്ഘോഷിക്കുന്നു..


അന്‍പേ ശിവം...LOVE IS GOD..ദൈവം സ്നേഹമല്ലാതെ മറ്റൊന്നല്ല!സ്നേഹിക്കുന്നവരിലാണ് ദൈവം കുടികൊള്ളുന്നത്.

ഈ ചിത്രം കാണുക എല്ലാവരും..കമലഹാസന് എന്‍റെ  വിനീതമായ കൂപ്പുകൈ!



പ്രകൃതീ..നീയെന്‍ ലഹരി..

പ്രകൃതി നിന്‍ ഗൂഡസൗന്ദര്യത്തില്‍
മോഹിതനായ് ഞാന്‍ നില്ക്കേ....
നിന്റെ മൂകവിചാരങ്ങള്‍..
മന്ദമാരുതനായെന്നെ വന്നു തലോടി..

മദനോത്സവങ്ങള്‍ക്ക് നൃത്തമാടാനെന്നെ വിളിച്ചൂ
ആടും മേഘക്കീറുകള്‍ക്കിടയില്‍..
കറുത്ത മേഘമായെന്നെ നിറുത്തി..
മഴയായി പെയ്തൊഴിയും വരെ..

മിന്നല്‍പ്പിണരാല്‍ നീ രംഗവേദി
അലങ്കരിച്ചു..അലങ്കരിച്ചു..
മഴത്തുള്ളികളായി ഞാന്‍ നൃത്തം വെച്ചു
താളത്തില്‍ താളത്തില്‍ തുള്ളി വീണു..

പ്രകൃതി നീയെന്നെയൊരുക്കിയ..
കയ്യാല്‍ വീണ്ടുമെന്നെയലങ്കരിയ്ക്കൂ...
നിനക്കായ് ഞാന്‍ പെയ്തു വീഴാം
ആയൊരാനന്ദത്തില്‍ വീണ്ടും പിറക്കാം..

ഓരോ പിറവിയുമാനന്ദം..
പിന്നെ ആനന്ദമേറ്റിയുയിരടയും..
പ്രകൃതീ...നീയും ഞാനും ഒന്നല്ലേ..
നമ്മുടെ മോഹവും ഒന്നല്ലേ...

ധിംതിമി..ധിംതിമി..താളം
ഡുംഡുമി..ഡുംഡുമി..മേളം.
ആടാം... നമുക്കൊന്നിച്ചാടാം..
ഈയാനന്ദനൃത്തം തുടരാം..

പിന്നെ..പിന്നെ..തളര്‍ന്നുറങ്ങാം..
നീയെന്നെ പുണരൂ..പുണരൂ..
ആ..ചുംബനലഹരിയില്‍..
രതിവേളകള്‍ക്കപ്പുറം..
നമുക്കുറങ്ങാം..നമുക്കുറങ്ങാം..


—————-***********——————-


ദൈവത്തോട്!


1.ദൈവമേ, അരുമകള്‍ ഓടിനടന്നിടുമെന്നുദ്യാനം
  ദയാപുരസ്സരം കാക്കണേ!

2.ദൈവമേ, പെരുമകള്‍ നിറഞ്ഞ കാരുണ്യമഴയതില്‍
  ദിനവുമത്തോട്ടം നനച്ചീടണേ!

3.ദൈവമേ, അനുദിനം നിറയുന്ന ദുരിതക്കടലതില്‍
  ഒരു മരത്തടി നീയതാകണേ!

4.ദൈവമേ, കാത്തുകാത്തിരുന്നയോരോ ദിനവും പൊഴിയവേ
  ഒരു ദിനം നീയെനിക്കായേകണേ!

5.ദൈവമേ, ഹസിച്ചിടുവാനുടനുടനോരോരോ കാരണങ്ങള്‍
  ദിനവും നീയെനിക്കായേകണേ!

6.ദൈവമേ, അറിയാതെ ഞാന്‍ പറയുന്ന വാക്കുകളോരോന്നും
  പിഴയ്ക്കാതെ നീ കാക്കണേ!

7.ദൈവമേ, അറിവുകള്‍ കുറുക്കിയെടുത്താര്‍തല്‍ തരും
  പെരിയയറിവാക്കി നല്‍കണേ!

8.ദൈവമേ, അതിരുകള്‍ തീര്‍ക്കും മനസ്സിന്നതിരുകളെല്ലാം
  നീ പൊളിച്ചുനീക്കണേ!

9.ദൈവമേ, ഈ ദേഹമെനിക്കൊന്നുമല്ലെന്നറികിലുമതു
  തളര്‍‍ന്നീടാതെന്നും നീ കാക്കണേ!

10.ദൈവമേ, അതിദൂരമതിവേഗമനവധി വഴി തെറ്റാതെ
  അനുദിനമെന്നെ വഴി നടത്തണേ!

11.ദൈവമേ, ഭൂതത്തെ മറന്നിടാതെ വര്‍ത്തമാനവും കണ്ടു ഭാവിയെ കരുതി
  പകയ്ക്കാതിരിക്കാനെന്നെ കാക്കണേ!

12.ദൈവമേ, അറുതിയായിടും ജന്മമെന്നുടെയെന്നെങ്കിലും
  ത്ധടിതി നീയൊടുക്കീടണേ!

———————***********———————-


കുഞ്ഞിനൊരു താരാട്ട്


രാരീരം...കുഞ്ഞേ..രാരീരം..
വാവോ..രാരീരം..കുഞ്ഞേ..രാരീരം...

അച്ഛന്റെ തോളേറി..
അമ്മ തന്‍ താരാട്ടില്‍..
ചായുറങ്ങൂ....കണ്ണേ..ചായുറങ്ങൂ...

ആലോലം.. താലോലം..
കുഞ്ഞിളം കവിളില്...
സ്നേഹത്തിന്‍ പൂമുത്തം....
കുഞ്ഞേ...പൂമുത്തം..

രാരീരം...കുഞ്ഞേ..രാരീരം..
വാവോ..രാരീരം..കുഞ്ഞേ..രാരീരം...


കുട്ടിക്കുറുമ്പിനായത്തില്‍..
കുഞ്ഞ്യേച്ചിയേകും..ചക്കരമുത്തം...ചക്കരമുത്തം..
കാണാതെ പാത്തുവന്ന്‍..
വല്ല്യേച്ചിയേകും പിന്നെ പൊന്‍മുത്തം..
         പിന്നെ പൊന്‍മുത്തം..


അമ്മയുമച്ഛനുമറിയാതെ..
പിന്നാലെ വന്നു നിന്റെ..
കവിളില്‍ നുള്ളും..കുഞ്ഞേട്ടന്‍;
അവനെ തല്ലാനോടും വല്ല്യേട്ടന്‍!

രാരീരം...കുഞ്ഞേ..രാരീരം..
വാവോ..രാരീരം..കുഞ്ഞേ..രാരീരം...


കുഞ്ഞേ നീ കരയുമ്പോള്‍..
ഓടിയെത്തും ചെറിയേട്ടന്‍!
കൂടെ ഓടിയെത്തും കൊച്ചേട്ടന്‍!
മുത്തശ്ശിയോടിയെത്തി തോളില്‍ തട്ടും..

മുത്തച്ഛനോടിയെത്തിയാട്ടിയാറ്റുമെല്ലാരേം..
....ആട്ടിയാറ്റുമെല്ലാരേം.....

കുഞ്ഞിളം ചിരി ചിരിച്ചു..
പിന്നേയും തല ചായ്ക്കൂ..നീ തല ചായ്ക്കൂ..

കുഞ്ഞിളംപൈതലേ..നീ ചായുറങ്ങ്..
കണ്ണേ..ചായുറങ്ങ്..നീ ചായുറങ്ങ്..

രാരീരം...കുഞ്ഞേ..രാരീരം..
വാവോ..രാരീരം..കുഞ്ഞേ..രാരീരം...

രാരീരം..വാവോ..രാരീരം..
രാരീരം വാവോ..രാരീരം..


എടുത്തുകൊള്‍കെന്‍ ഹൃദയം!

നമ്മള്‍ തന്‍ പ്രണയമന്ദിരത്തില്‍ നീ
മൗനത്തിന്‍ പടിവാതില്‍ കെട്ടിയടച്ചിട്ടു!
വെറുപ്പിന്റെ വന്മതില്‍ നീ കെട്ടി
ആ മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കവേ..

നീ..ദുര്‍ഭാഷണങ്ങളെ;വേട്ടനായ്ക്കളെ,
കെട്ടഴിച്ചുവിട്ടതെന്തിനായ് പ്രണയിനീ?!
അവയെന്നെ കടിച്ചുകീറി;വന്യമാം
നഖങ്ങളാല്‍ മാന്തിപ്പൊളിക്കവേ...

എന്തിനായിരുന്നു നീയാര്‍ത്തുചിരിച്ചത്?!
എന്റെ രുധിരമവ രുചിയോടെ നുണയവേ
നീ പിന്നെയും സംതൃപ്തയാകുന്നുവോ?!
ഇതായെടുത്തുകൊള്‍കെന്‍ പിടയ്ക്കും ഹൃദയം..

നിനക്കായ് പലനാള്‍ തുടിച്ച്..ചുവന്ന
സന്ധ്യകളില്‍,പിന്നെയുഷസ്സുക്കളില്‍,
ഭയമേതുമില്ലാതെ,പലനേരങ്ങളില്‍,
പല വട്ടം കാത്തിരുന്നത്, കാവലിരുന്നത്!

ഇനി കൊണ്ടുമുറിയുവാനൊരു
തരിയിടം പോലുമതില്‍ ബാക്കിയില്ല
നീയയച്ച കൊടുംവാക്കുകള്‍,കൂരമ്പുകള്‍
കൊണ്ടു മുറിഞ്ഞുണങ്ങാത്തൊരീ ഹൃദയം..

ഇനി നിനക്കായതു വിട്ടുതരട്ടെ ഞാന-
തിനു കാലമേ നീ മാത്രം സാക്ഷി!
ഇനിയുമേതൊരു ഹൃദയത്തെയിങ്ങിനെ
വിട്ടുകൊടുക്കുവാന്‍ പിന്നെയും കാത്തിരിക്കുന്നു നീ?!

   ===========XXXXXXXX==============

സ്വപ്നങ്ങള്‍!..

തള്ളക്കോഴി അടയിരുന്നു വിരിയിയ്ക്കും പോല്‍
ഞാനെന്നില്‍ തന്നെ അടയിരുന്നു വിരിയിച്ചവ!

തള്ളക്കോഴി ചിക്കിച്ചികഞ്ഞൂട്ടും പോല്‍
ഞാനവയെ ചിന്തിച്ചൂട്ടി വളര്‍ത്തിപ്പോന്നവ!

തള്ളക്കോഴി തന്‍ച്ചിറകിന്നടിയില്‍ ഒളിപ്പിച്ചപോല്‍
ഞാനവയെയെന്‍ മനസ്സിനുള്ളിലൊളിപ്പിച്ചവ!

തള്ളക്കോഴി കുഞ്ഞുങ്ങളെ കൊത്തിയാട്ടും പോല്‍
ഞാനവയെ പലവട്ടം കൊത്തിയാട്ടാന്‍ നോക്കിയവ!

തള്ളക്കോഴി തന്‍ കുഞ്ഞുങ്ങള്‍ തനിയെ വളര്‍ന്നു,
എന്റെ സ്വപ്നങ്ങള്‍ തളര്‍ന്നുകിടന്നു വളരാതെ

തനിയെ വളരുവാനാകാതെന്‍ സ്വപ്നങ്ങള്‍
തിരിച്ചുവന്നെന്‍ ചുറ്റിലും കരഞ്ഞു പിന്നെയും

ഊട്ടിയൂട്ടി പിന്നെയും വളര്‍ത്തി ഞാനവയെ
പിന്നെയും പുതിയവയ്ക്കടയിരിയ്ക്കുമ്പോളും

തള്ളക്കോഴിക്കോഴിയോളം വളര്‍ന്ന കുഞ്ഞുങ്ങള്‍
തള്ളയില്‍ തന്നെയടിക്കടി ഇണ ചേരും പോല്‍

തള്ളുവാനാവാത്തിടത്തോളം വളര്‍ന്നൊരെന്‍ സ്വപ്നങ്ങള്‍
എന്നില്‍ തന്നെ രതിമൂര്‍ച്ചയടയുന്നു നിത്യം!


ഒരു തിരിച്ചറിവ്



കവിത,വറ്റിപ്പോകുന്ന പുഴയിലെ
ദാഹനീര്‍ കൊടുക്കും കൊച്ചുറവയാണ്!
കവി,അക്കൊച്ചുറവയെ ചാലു കീറി-
ദാഹിക്കുന്നോര്‍ക്ക് കൊടുക്കുന്നവനും!

ഒന്നും പുതിയതുമല്ല,പഴയതുമല്ല
പുതിയ പുഴയെന്നില്ലല്ലോ;പഴയതെന്നും
കാവ്യപ്പുഴ നിത്യനിസൃതിയിലാണതെന്നും
അതിലേതൊരു കവിയ്ക്കു തടയണ കെട്ടാനാകും?

അനവധി പുറമൊഴുക്കുകളതിലധിക
മകമൊഴുക്കുകള്‍ നിറയെയതിലെന്നും
അതിലൊരു കൊച്ചുനീര്‍ച്ചാലില്‍ നിന്നുമിത്തിരി
തെളിനീര്‍ കുമ്പിളിലിലെടുത്തു ഞാന്‍!

അതാരുടേയും ദാഹം തീര്‍ക്കുവാനില്ല..
അതെന്റെ ദാഹം മാത്രമേ തീര്‍ക്കുന്നു-
വെന്നുള്ള സത്യം തിരിച്ചറിയുന്നു ഞാന്‍
അത്തിരിച്ചറിവിലുമാ നീര്‍ച്ചാലൊഴുകുന്നു പിന്നെയും


Friday 1 November 2013

മഴ സന്തോഷത്തിന്റെയും കൂടിയാണ്

ഞാന്‍ ജനിച്ചത് ധനുമാസത്തിലെ കാര്‍ത്തിക നാള്‍..എല്ലാവരുംക്രിസ്തുമസ് ആഘോഷിച്ച് ആലസ്യം പൂണ്ടിരുന്ന ഒരു ഡിസം‌മ്പര്‍ 26-ന് രാത്രി പത്തര മണി നേരം ..അമ്മ പറഞ്ഞുതന്ന സമയം...പക്ഷേ ഔദ്യോഗികരേഖകളില്‍ മെയ് 30 ആണ്..എന്റെ ജന്മദിനം..എന്തിനാണ് ഇങ്ങിനെ ഇത്രയുംവെളിവാക്കുന്നത് എന്ന് എല്ലാവര്‍ക്കും സംശയം തോന്നാം..സ്വാഭാവികം..അതാണ് പറഞ്ഞുവരുന്നത്..

മഴയെ ഞാന്‍ ഇത്ര കണ്ട്  ഇഷ്‌ടപ്പെടാനുള്ള കാരണം എന്താണെന്ന് ഞാന്‍ ആലോചിച്ചുനോക്കിയിട്ടുണ്ട്..
എനിക്കൊട്ടും മനസ്സിലായിട്ടുമില്ല..ചെറുപ്പത്തില്‍ ഏറ്റവും കൂടുതല്‍ അടി കിട്ടിയിട്ടുണ്ടാകുക മഴയില്‍ നനഞ്ഞതിനായിരിക്കും..മഴ നനയുന്നത് പിന്നെ പിന്നെ ആരുമറിയാതെയായി..വളരെ രഹസ്യമായി..അല്ലെങ്കില്‍ മേല്‍ക്കൂരയില്‍ നിന്നു പൊഴിയുന്ന വെള്ളതുള്ളികളെ താലോലിച്ചുകൊണ്ട് പലവട്ടം നില്‍ക്കും..റോഡിലെ മഴവെള്ളത്തില്‍ കാല്‍ നനച്ചുനടന്ന്..പഴുപ്പെടുത്ത കാലില്‍ നീര് വന്ന് നടക്കാന്‍ പറ്റാതാകും..അമ്മ ..നീലമരി(സമൂലം),പച്ചമഞ്ഞള്‍,കരളകത്തിന്റെ വേര് ഇവ ചതച്ചുചേര്‍ത്ത് വെളിച്ചെണ്ണ കാച്ചിത്തരും..അതു  പുരട്ടി കുറച്ചു ദിവസത്തിനുള്ളില്‍ വ്രണം കരിഞ്ഞിട്ടുണ്ടാകും ..ഇന്നാണെങ്കില്‍ അലോപ്പതി മരുന്ന് തേടിപോയിട്ടുണ്ടാകും.. ഇപ്പറഞ്ഞ സംഗതികള്‍ നാട്ടില്‍ ഇപ്പോള്‍ കിട്ടാനില്ലാതായിരിക്കുന്നു..പ്രകൃതിയുമായി നമുക്കുള്ള ഒത്തൊരുമ ഇല്ലാതായികൊണ്ടിരിക്കയാണല്ലോ..ഞാന്‍ എന്ന ഭ്രാന്തന്‍ കഥാപാത്രത്തെ നിങ്ങള്‍ക്ക് കുറച്ച് വെളിവായിട്ടുണ്ടാകും എന്നു കരുതട്ടെ..

ഞാന്‍ ജനിച്ചത് മഴ പെയ്യുന്ന കാലത്തല്ലായിരുന്നു..അതുകൊണ്ടായിരിക്കും ഞാന്‍ ഇത്രയും മഴയെ സ്നേഹിക്കുന്നത്..മഴ..കണ്ടിരിക്കുന്നതും .കൊള്ളുന്നതും ഒരു ഉന്മാദം പോലെ ഞാന്‍ കൊണ്ടു നടക്കുന്നു..ഇന്നും ഈ മുപ്പത്തി എട്ടാം വയസ്സിലും മഴ നനയാന്‍ എന്തൊരിഷ്‌ടം ആണെന്നോ..ഇപ്പോള്‍ നിങ്ങള്‍ എനിക്കൊരു പേര്‍ കല്പിച്ചു തന്നിട്ടുണ്ടാകും അല്ലേ..”വട്ടന്‍..”ഞാന്‍ മരിക്കുന്നത് വരെ ഈ ഇഷ്‌ടം എന്നോടൊപ്പം തന്നെ ഉണ്ടാകും..ഒരു മഴയില്‍ നനഞ്ഞുകൊണ്ടിരിക്കലെ മരിക്കാന്‍ ആണ് എനിക്കിഷ്‌ടം.മഴ എന്നും ഒരു സാന്ത്വനം പോലെ എന്നും കൂടെ ഉണ്ടായിരുന്നു..അമ്മ മരിച്ച ദിവസം ..മഴ രാത്രിയില്‍ ആര്‍ത്തലച്ച് പെയ്തുകൊണ്ടിരുന്നു..എന്റെ കൂടെ കരഞ്ഞും മൂക്ക് പിഴി്ഞ്ഞും തല തല്ലിയും ..മറക്കാനാവാത്ത ഒരോണത്തിന്റെ അത്തം എന്നും ഓര്‍മ്മയില്‍ ഉണ്ട്..എല്ലാം മറന്ന് ഞാന്‍ ദൈവത്തില്‍ അഭയം തേടി..നോവുകളുമായി ഞാന്‍ അലഞ്ഞു..എന്റെ നോട്ടുപുസ്തകത്തില്‍ കവിതകള്‍ നിറഞ്ഞു..പക്ഷേ ഒന്നു ഞാന്‍ ഉറച്ചു തീരുമാനിച്ചിട്ടുണ്ട് മറ്റുള്ളവരെ കരയിക്കാന്‍ ആകരുത് എന്റെ എഴുത്ത് എന്ന്..ആരേയും ദുഃഖിപ്പിക്കാന്‍ വളരെ എളുപ്പമാണ്..
എന്റെ ദുഃഖങ്ങളെ ചിരി കൊണ്ട് മറയ്ക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാ‍റുണ്ട്..അതു പറ്റുന്നില്ല..എന്റെ സ്ഥായിയായ ഭാവം ദുഃഖം മാത്രമായി..എപ്പോളും കാര്‍മേഘം കെട്ടിയ മുഖം..ദുഃഖം ഖനീഭവിച്ച മുഖഭാവം..എനിക്കു തന്നെ ഇഷ്‌ടമല്ല ആ മുഖത്തെ.. അതുകൊണ്ട് കൂടെയാണ് ദാസചരിതം പോലെയുള്ള കഥകള്‍ പറയുന്നത്..നമുക്ക് ചിരിക്കാം
മഴത്തുള്ളികള്‍ ..കണ്ണീര്‍ത്തുള്ളികള്‍ ആകാന്‍ എനിക്ക് ഇഷ്‌ടമേയില്ല..അത് ചിരിതുള്ളികള്‍ തന്നെ ആകട്ടെ..

ഇപ്പോള്‍ ഞാന്‍ ജോലി ചെയ്യുന്നത് അബുദാബിയില്‍ ആണ്..ഇവിടേയും വര്‍ഷത്തില്‍ ഒരു മഴയെങ്കിലും പെയ്യും.ഇതിനു മുന്‍പ്  ഖത്തറില്‍..അതിനും മുന്‍പ് ആറ് വര്‍ഷം ബ്രൂണൈയില്‍..ഒരു വര്‍ഷത്തിന്റെ ഭൂരിഭാഗം മാസങ്ങളിലും അവിടെ മഴയുണ്ട്..രാത്രികളില്‍ എന്റെ മഴ നനയല്‍ എത്ര പേര്‍ കണ്ടിട്ടുണ്ടാകുമോ എന്തോ..എന്റെ വിവാഹം ഒരു ആഗസ്റ്റ്‌ മാസത്തില്‍ ആയിരുന്നു..കുരവയിട്ടത് തീര്‍ച്ചയായും മഴ തന്നെയായിരുന്നു ..എന്റെ മകള്‍ പിറന്നതു  ഒരു ജൂണ്‍ മാസത്തില്‍  ..അര്‍ദ്ധരാത്രിയില്‍ മോള്‍ ജനിച്ച വിവരം വിളിച്ചറിയിക്കുമ്പോള്‍ പുറത്ത് സന്തോഷത്തോടെ മഴ പെയ്തു കൊണ്ടിരുന്നു..എന്റെ കണ്ണില്‍ സന്തോഷത്തിന്റെ മഴതുള്ളികള്‍ നിറഞ്ഞു തുളുമ്പിയിരുന്നു..

ആ സന്തോഷത്തില്‍ കരിനിഴല്‍ വീഴ്ത്തിയത് ..സെപ്തംബര്‍ മാസത്തില്‍ ..എന്റെ ഭാര്യയുടെ ആങ്ങളയും ..അവനന്ന് ഒന്‍പതാം തരത്തില്‍ പഠിക്കുകയായിരുന്നു..അവന്റെ അചഛനമ്മമാരും..ലേക് ഷോര്‍ ആശുപത്രിയില്‍ ആത്മഹത്യയില്‍ അഭയം തേടിയപ്പോള്‍ ആയിരുന്നു..തലയിലെ ഒരു ട്യുമറിനു ചികിത്സിക്കാന്‍ പോയിട്ട്  ഏറ്റവും ഒടുവില്‍ അത് ലുക്കീമിയ ആണെന്ന് അറിഞ്ഞപ്പോഴേക്കും ആ കൌമാരക്കാരന്‍ ഒരു പാട് വേദന തിന്നു തീര്‍ന്നിരുന്നു..അവന്‍ ഡയാലിസിസിനു വിധേയനായി ..വേദനയോടെ കിടക്കുമ്പോളും എന്നോട് വിശേഷം തിരക്കി..
എന്റെ മകളെ “..കുടമണിയെ കുഞ്ഞാളേ “..വിളിച്ച് കളിയാക്കി....അച്ഛനും അമ്മക്കും മുന്നില്‍ തനിക്ക് വേദനയൊന്നുമില്ലെന്ന് അഭിനയിച്ചു.
പക്ഷേ..എനിക്ക് നിങ്ങള്‍ക്കു മുന്‍പില്‍ പങ്കു വെക്കണമെന്ന് കരുതുന്ന കുറച്ച് കാര്യങ്ങള്‍ ഉണ്ട്.. പ്രമുഖമായ ഒരു ഹോസ്പിറ്റലില്‍ ഒരു ന്യൂറോളജിസ്റ്റിനെ കാണിച്ച അനുഭവം ആണത്..മനുഷ്യനെ വെറും യന്ത്രങ്ങള്‍ ആയി മാത്രം കരുതുന്ന ഒരു തല മൂത്ത ഒരു ഡോക്‍ടറുടെ ഹുങ്കിനു ഞാന്‍ സാക്ഷിയായി..തന്റെ കുഞ്ഞിന് എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ കാത്തുകെട്ടി നില്‍ക്കുന്ന അച്ഛനോട് അദ്ദേഹത്തിന്റെ പെരുമാറ്റം അത്യന്തം വേദനാജനകം ആയിരുന്നു എന്നു പറയാതിരിക്കാന്‍ വയ്യ..സ്നേഹമാണ് ആതുരസേവനതിന്റെ മുഖമുദ്ര എന്നത് മാറി പണം മാത്രമാണ് അതിന്റെ മുഖമുദ്ര ..എന്നായിരിക്കുന്നു..മനുഷ്യര്‍ വെറും മാംസകഷ്ണങ്ങളും..അവര്‍ക്ക് വിചാരങ്ങളും വികാരങ്ങളും ഉണ്ടെന്ന് പലപ്പോളും ഇവര്‍ മറന്നുപോകുന്നു.ഇപ്പോളും എനിക്ക് മനസ്സിലാകുന്നില്ല ..എന്താണ് ഒരു മനുഷ്യജീവന്റെ വില? വെറും ഒരു ഇറച്ചിവെട്ടുകാരന്റെ മനോഭാവം ആണോ ഒരു ഡോക്ടറുടേത് അല്ലെങ്കില്‍ ആ സ്ഥാപനത്തിന്?

സ്കാനിംഗ് ..വിവിധ തരം പരിശോധനകള്‍ ..എല്ലാം പരിശോധിച്ച് തങ്ങളുടെ കയ്യില്‍ ഒതുങ്ങുന്നതല്ല രോഗം ..എന്ന് വിധിയെഴുതി..തിരുവനന്തപുരത്തെ ശ്രീചിത്തിര ആശുപത്രിയിലേക്ക് . ശുപാര്‍ശക്കത്തോടെ അയച്ചു..തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തെത്താനുള്ള പെടാപാടിനെ കുറിച്ച് പറഞ്ഞുതരേണ്ടല്ലോ?..അവിടെ എത്തി..ഡോക്ടറെ കാണാന്‍ ഉള്ള ശ്രമം ..അകത്തേക്ക് രോഗിയുടെ കൂടെ ഒരാളെ മാത്രമേ കടത്തിവിടൂ..അവനും അച്ഛനും അകത്തേക്ക് പോയി കുറെ കഴി്ഞ്ഞ് എന്നെ അച്ഛന്‍ വിളിച്ചു..ജൂനിയര്‍ ഡോക്ടര്‍ക്ക് മലയാളം അറിയില്ല..നിനക്ക് ഇംഗ്‌ളീഷും ഹിന്ദിയും അറിയാമല്ലോ..അപ്പോള്‍ സെക്യൂരിറ്റിയുടെ കൃത്യനിഷ്ഠ പുറത്തു വന്നു..ഒരാളേ അകത്തു പോകാവൂ..എന്നെ അകത്ത് കയറ്റിവിട്ടു..
ഉള്ളതു പറയണമല്ലോ..ഒരു ഡോക്‍ടര്‍ക്ക് താങ്ങാവുന്നതിലും അധികം ജോലിഭാരം അദ്ദേഹത്തിന് ഉള്ളതായി എനിക്ക് അനുഭവപ്പെട്ടു..തീര്‍ച്ചയായും നമ്മുടെ ഗവണ്മെന്റ് മെഡിക്കല്‍കോളേജുകളിലെ അല്ലെങ്കില്‍ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരെ അഭിനന്ദിച്ചേ പറ്റൂ..അത്ര മാത്രം ജോലിഭാരം അവര്‍ക്കുണ്ട്..

ഞങ്ങളില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടയില്‍ തന്നെ പലവട്ടം അദ്ദേഹത്തിന് എണീറ്റ് പൊകേണ്ടതായി വന്നു..മലയാളം അറിയാത്ത ഒരാളാണ് ഡോക്ടര്‍ എങ്കില്‍ എന്തുകൊണ്ട് ഒരു പരിഭാഷകനെ വെക്കുന്നില്ല?രണ്ടു പേര്‍ ഇരുന്നാല്‍ തന്നെ ശ്വാസം മുട്ടുന്ന തരത്തിലുള്ള മുറികള്‍..ആതുരാലയങ്ങളില്‍ ജോലി ചെയ്യുന്നവരെ ..രോഗം ബാധിക്കാത്തത് ഭാഗ്യം..എന്നേ പറയാനാവൂ..ചില ടെസ്റ്റുകള്‍ക്ക് എഴുതിതന്നു..അതെവിടെ ചെയ്യണം എന്നു ആരും പറഞ്ഞില്ല..ചോദിക്കാതിരുന്നത് ഞങ്ങളുടെ തെറ്റ്..ഒരാഴ്ച കഴിഞ്ഞ് റിസല്‍റ്റുമായി വരണം എന്നേ പറഞ്ഞുള്ളു..തൃശ്ശൂരില്‍ തന്നെയുള്ള പ്രസിദ്ധമായ ഒരു ലബോറട്ടറിയില്‍ ടെസ്റ്റ് ചെയ്തു ..തിരുവനന്തപുരത്തെത്തി .പ്രധാന ഡോക്ട്രറെ കാണിച്ചു..അപ്പോളാണ് ഡോക്ടറുടെ അട്ടഹാസം..കണ്ട ലാബിലൊന്നും ചെയ്താല്‍ പറ്റില്ല..റാന്‍ബാക്സിയില്‍ തന്നെ ചെയ്യണം..രണ്ടാമതും ടെസ്റ്റ് ചെയ്തിട്ട് വരൂ..ലാബ് കണ്ടെത്തി .ടെസ്റ്റ് ചെയ്യാന്‍ കൊടുത്തു ഞങ്ങള്‍ തിരിച്ചുപോന്നു..

വീട്ടില്‍ തിരിച്ചെത്തി ..തലവേദന കുറയുന്നില്ല..
ഉറങ്ങാന്‍ വയ്യ..വണ്ടി പിടിച്ച് തിരുവനന്തപുരത്തേക്ക്..പോകുന്ന വഴിക്ക് പലവട്ടം ഛര്‍ദ്ദിച്ചു..പയ്യന്‍ വളരെ തളര്‍ന്നു..ലേക്‍ഷോര്‍ ഹോസ്പിറ്റലില്‍ കാണിക്കാം..അവിടെ നിന്ന് ഓപ്പറേഷന് തീയ്യതി കുറിച്ചു..ഒരാഴ്ച്ചക്കുള്ളില്‍ ഓപ്പറേഷന്‍..കാര്യങ്ങള്‍ നേരെയാകുന്നു എന്നാശ്വസിച്ചു..ഉള്ളിലെ മുറിവുണങ്ങുന്നില്ല..വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നി്ല്ല..ഡയാലിസിസ്..ഒരു കണ്ണ് വന്നു ചെറുതായി..പിന്നീടറി്ഞ്ഞു ലുക്കീമിയ ആണ്..എല്ലാം കൈ വിട്ടു പോകുകയായിരുന്നു..മകന്‍ കൈവിട്ടു പോകുമെന്ന് ഉറപ്പായപ്പോള്‍ മൂവരും ചേര്‍ന്ന് വിഷം കഴിച്ചു..രാത്രിയില്‍ അച്ഛന്റെ ഫോണില്‍ നിന്ന് വന്ന കോളില്‍ അങ്ങേ തലക്കല്‍ വേറെ ആരോ ആയിരുന്നു..മരട് പോലീസ് എസ്.ഐ !.എല്ലാം കഴിഞ്ഞിരിക്കുന്നു.ഒരു സംശയം ബാക്കി..ഇത്രക്കധികം പരിശോധനകള്‍ നടത്തിയിട്ടും ലുക്കീമിയ കണ്ടെത്താന്‍ ഇത്ര താമസിച്ചതെന്തേ?
“വേദന തിന്നു മരണത്തെ മുഖാമുഖം കാണുന്ന രോഗിക്ക് ഓക്സിജന്‍ കൊടുക്കുന്നതില്‍ പരം ക്രൂരത എന്താണുള്ളത്?.രക്ഷപ്പെടുമെന്ന് ഉറപ്പുള്ളവര്‍ക്കു മാത്രമേ വേദനാജനകം ആയ ചികിത്സക്കു വിധേയരാക്കാവൂ എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം..അല്ലാത്തവരെ വേദനയില്ലാത്ത മരണത്തെ ഗാഡാലിംഗനം ചെയ്യാന്‍ അനുവദിക്കുന്നതില്‍ പരം എന്താണവര്‍ക്കു നല്ലതായി ചെയ്തുകൊടുക്കാന്‍ കഴിയുക?“
എന്തിനാണ് ഞാനിതെല്ലാം പറയുന്നത്? വേദനിപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് ആളുകളെ സങ്കടപ്പെടുത്തണം എന്നെനിക്കില്ല..ഇതു ചര്‍ച്ച ചെയ്യപ്പെടണം എന്നേയുള്ളൂ.

1.മാരകമായ രോഗങ്ങള്‍ വന്നവരില്‍ പരീക്ഷണമരുന്നുകള്‍ ചെയ്യുന്നത് ക്രൂരമാണ്..അതില്‍ പരം ക്രൂരമാണ് അതിന്റെ ഭീമമായ തുക രോഗിയില്‍ നിന്ന് ഈടാക്കുന്നത്..
2.ഇത്തരം രോഗം വന്നവരില്‍ എത്ര പേര്‍ രക്ഷപ്പെടുന്നു എന്ന് കണക്കെടുപ്പ് ആരെങ്കിലും നടത്തുന്നുണ്ടോ?അതിക്രൂരമായ ചൂഷണത്തിന് രോഗിയും കുടുംബവും വിധേയമാക്കപ്പെടുന്നില്ലേ?
3.ഇത്തരം രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ നിയന്ത്രിക്കപ്പെടാന്‍  നോഡല്‍ ഏജന്‍സികള്‍ ഏതെങ്കിലും നിലവില്‍ ഉണ്ടോ? പണത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് അല്ലെങ്കില്‍ ചൂഷണത്തില്‍ നിന്ന് എങ്ങിനെ ഈ മേഖലയെ മാറ്റി നിറുത്താം?

ഇതെല്ലാം പറഞ്ഞുവന്നത് മഴയില്‍ നിന്നാണ്..അവരുടെ സംസ്ക്കാരം നടക്കുന്നതിനു മുന്‍പ് കോരിച്ചൊരിയുന്ന മഴയായിരുന്നു..കറുത്തിരുണ്ട ആകാശത്തില്‍ കാര്‍മേഘങ്ങള്‍ നെഞ്ചത്തിടിക്കുന്ന മുഴക്കം..എനിക്കായ് കണ്ണീര്‍ കുടുകുടെ ഒഴുക്കി..മേഘക്കൂട്ടങ്ങള്‍ ഇടിമിന്നല്‍ പിണരില്‍ തീ കൊളുത്തി ആല്‍മഹത്യ നടത്തി..എന്റെ ദുഃഖത്തിലും കൂട്ടായി വന്ന മഴതുള്ളികള്‍....
ദുരന്തങ്ങള്‍ ഒട്ടനവധി മുന്നില്‍ കാണേണ്ടി വന്നിട്ടുണ്ട്..ഒരിക്കല്‍ ഒരു ചരമവാര്‍ഷിക കുറിപ്പില്‍ ഇങ്ങിനെ എഴുതിവെച്ചിരിക്കുന്നു..”ദൈവമേ നീ വലിയ തോട്ടക്കാരന്‍..നിന്റെ തോട്ടത്തിലെ പൂ നിനക്കിഷ്‌ടമുള്ളപ്പോള്‍ പറിച്ചെടുക്കുന്നു..ആര്‍ക്കതിനെ ചോദ്യം ചെയ്യാന്‍ ആകും”..ശരി തന്നെ അല്ലേ?ചിലപ്പോള്‍ ഇതള്‍ ഇതള്‍ ആയി പിച്ചിചീന്തും..ചിലപ്പോള്‍ ചവിട്ടിയരയ്ക്കും..ആര്‍ക്കും ഒന്നും ചെയ്യാന്‍ വയ്യല്ലോ!.. ശ്രീകുമാരന്‍ തമ്പി  ഈയിടെ ഇങ്ങിനെ പറഞ്ഞു  ദുരന്തങ്ങള്‍ തന്ന്  ദുഃഖങ്ങള്‍ നേരിടാന്‍ പ്രകൃതി  എന്നെ ഒരുക്കുകയാണ് .." ശരിയായിരിക്കാം അല്ലേ?

ഓരോ നഷ്ടവും എന്നെ ഈശ്വരനിലേക്ക് അടുപ്പിക്കുന്നു..

2010 ജനുവരി 25 ന് എനിക്ക് ഒരു മകന്‍ കൂടി പിറന്നു..അന്ന് നാട്ടില്‍ മഴ ഇല്ലായിരുന്നു..പക്ഷേ ഖത്തറില്‍ എങ്ങു നിന്നില്ലാതെ മഴതുള്ളികള്‍ വന്നു വീണു..എന്റെ മുഖത്ത് നനവു പടര്‍ത്തി..ദൈവം എനിക്കായ് പെയ്യിച്ച
സന്തോഷമഴയായിട്ടാണ് എനിക്ക് തോന്നിയത്..മഴ സന്തോഷത്തിന്റെയും കൂടിയാണ് ..
——————————————————————————